KeralaNEWS

വിവാദ യാത്രയയപ്പിന് ഒരു മാസം; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

കണ്ണൂര്‍: പി.പി.ദിവ്യയ്ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തിയ എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഇന്ന് ഒരുമാസം തികയുമ്പോള്‍ അതേ ദിവസം തന്നെ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ കെ.കെ.രത്‌നകുമാരിയാണു സിപിഎമ്മിന്റെ സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ജൂബിലി ചാക്കോ മത്സരിക്കും. 11ന് ജില്ലാ പഞ്ചായത്ത് ഹാളിലാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനത്തിനു ശേഷം ഉച്ചയോടെ കലക്ടറുടെ സാന്നിധ്യത്തില്‍ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും.

Signature-ad

പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച എഡിഎം കെ.നവീന്‍ ബാബുവിന് സഹപ്രവര്‍ത്തകര്‍ ഒക്ടോബര്‍ 14ന് നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെയെത്തി പി.പി.ദിവ്യ അദ്ദേഹത്തെ അപഹസിക്കുന്ന രീതിയില്‍ പ്രസംഗിക്കുകയായിരുന്നു. അതിന്റെ വിഷമത്തില്‍ അദ്ദേഹം അടുത്ത ദിവസം ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.

അതേസമയം, പ്രത്യേക അന്വേഷണ സംഘം ഒടുവില്‍ എഡിഎം കെ.നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചു. നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴിയെടുക്കാന്‍ സംഘം ഇന്നലെ രാത്രി പത്തനംതിട്ടയിലേക്കു പുറപ്പെട്ടു.

അതിനിടെ, പെട്രോള്‍ പമ്പ് വിവാദത്തില്‍ പരാതി നല്‍കിയെന്ന് അവകാശപ്പെടുന്ന ടി.വി.പ്രശാന്ത് തനിക്ക് രണ്ട് ഒപ്പുണ്ടെന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തി. പൊലീസിന്റെ ചോദ്യംചെയ്യലിനു ശേഷം പുറത്തിറങ്ങിയ പ്രശാന്തിനോട് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് രണ്ട് ഒപ്പിന്റെ കാര്യം പറഞ്ഞത്. എഡിഎം കൈക്കൂലി വാങ്ങിയതായി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഒപ്പിട്ടത് താനാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും പ്രശാന്ത് പറഞ്ഞു. ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിനായി താന്‍ നല്‍കിയ അപേക്ഷയില്‍ തീര്‍പ്പുണ്ടാക്കാന്‍ ഒരു ലക്ഷം രൂപ എഡിഎം കൈക്കൂലി ചോദിച്ചെന്നും 98,500 രൂപ എഡിഎമ്മിന്റെ ക്വാര്‍ട്ടേഴ്‌സില്‍വച്ച് കൈമാറിയെന്നുമാണ് പ്രശാന്തിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: