തിരുവനന്തപുരം: ഹോണടിച്ചതില്‍ ഇഷ്ടപ്പെടാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച രണ്ട് ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ സ്വദേശി ഷാനിഫര്‍ (32), പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാള്‍ഡ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷെമീറിനെയാണ് മര്‍ദ്ദിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ഷമീര്‍ പുതുക്കുറിച്ചിയിലുള്ള വീട്ടിലേക്ക് പോകവെയാണ് സംഭവം. ഷമീര്‍ സഞ്ചരിച്ച വാഹനം ഹോണടിച്ചത് മുന്നിലൂടെ ബൈക്കില്‍ പോവുകയായിരുന്ന പ്രതികള്‍ ചോദ്യംചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു.
ഞങ്ങള്‍ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകളാണ്, ഞങ്ങളുടെ പിന്നില്‍വന്ന് ഹോണടിക്കാന്‍ നീ ആരെടാ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. പ്രതികള്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഷമീറിനെ കുത്താന്‍ ശ്രമിക്കുകയും മുഖത്തിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.
വധശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റുചെയ്തത്. കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട ഷാനിഫര്‍ പതിനെട്ടോളം കേസുകളിലെ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.