തിരുവനന്തപുരം: പൊന്മുടി സംസ്ഥാന ഹൈവേയോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വിതുര സ്വരാജ് ഗേറ്റ് പരിസരത്ത് ‘യക്ഷി’യെ കണ്ടെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ നടന്നു കൊണ്ടിരിക്കുന്ന പ്രചാരണം സംബന്ധിച്ച് അന്വേഷണം തുടങ്ങി വിതുര പൊലീസ്. നിരോധിത ലഹരി വസ്തുക്കളുടെ വില്‍പനയ്ക്കു വേണ്ടി ‘യക്ഷിക്കഥ’ പ്രചരിപ്പിച്ചതാണെന്ന നിഗമനത്തിലാണ് പോലീസ്.
ഭീതി പരത്തുന്ന തരത്തിലുള്ള അസ്വാഭാവിക വേഷം ധരിച്ച യുവതിയുടെ ചിത്രമാണ് ‘യക്ഷി’യെന്ന പേരില്‍ പ്രചരിച്ചത്. ഇതിനൊപ്പം ഒരു ശബ്ദ രേഖയും പ്രചരിച്ചു. സ്വരാജ് ഗേറ്റില്‍ നിന്നും ചാരുപറ വഴി ചായത്തേക്കു വന്നപ്പോള്‍ ഗേറ്റില്‍ നിന്നും ഏതാനും മീറ്റര്‍ മാത്രം അകലെ ‘യക്ഷി’യെ കണ്ടെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും അതുവഴി പോകുന്നവര്‍ ശ്രദ്ധിക്കണമെന്നും ആയിരുന്നു ശബ്ദ രേഖയില്‍ ഉണ്ടായിരുന്നത്.
പിന്നാലെ ചിത്രത്തിന്റെയും ശബ്ദ രേഖയുടെയും ആധികാരിക പൊലീസ് പരിശോധിച്ചു. അന്വേഷണത്തിനൊടുവില്‍ ചിത്രം ‘യക്ഷിക്കഥ’യെന്ന തലക്കെട്ടോടെ തന്നെ ബിഹാറിലെ ഒരു ഗ്രാമത്തെ ചുറ്റിപ്പറ്റി പ്രചരിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ ശബ്ദ രേഖയുടെ ഉടമയെ തിരിച്ചറിഞ്ഞിട്ടില്ല. സംസാര രീതി പ്രകാരം ശബ്ദത്തിന്റെ ഉടമ പരിസരവാസി ആണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. അനധികൃത ലഹരി വില്‍പനയുമായി ബന്ധമുള്ള പ്രദേശത്തെ ചിലരുടെ ശബ്ദവുമായി സാമ്യമുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പൊലീസ് പറഞ്ഞു.
അതേസമയം, ‘യക്ഷിക്കഥ’ പ്രചരിച്ചതിനു പിന്നാലെ നാട്ടുകാര്‍ യക്ഷിയെ കണ്ടെത്താന്‍ രാത്രി ശ്രമം നടത്തിയിരുന്നു. എന്നാല്‍, പൊടി പോലും കിട്ടിയില്ല. എന്നാല്‍ രാത്രി സമയത്ത് സ്വരാജ് ഗേറ്റിനു സമീപം ചിലര്‍ ബൈക്കില്‍ വന്ന ശേഷം മടങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.