CrimeNEWS

വഴി ചോദിച്ചെത്തി വയോധികയെ കാറില്‍ കയറ്റി ആഭരണക്കവര്‍ച്ച: മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍

ആലപ്പുഴ: വഴി ചോദിക്കാനെന്ന മട്ടില്‍ കാര്‍ നിര്‍ത്തി വയോധികയെ കയറ്റിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ആളൊഴിഞ്ഞ റോഡില്‍ തള്ളിയയാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. അടൂര്‍ മങ്ങാട് സ്വദേശി സന്‍ജിത്താണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. 76 വയസ്സുള്ള ആറ്റുവ സ്വദേശിനിയാണ് അക്രമത്തിനിരയായത്. ഇവരുടെ നഷ്ടപ്പെട്ട നാലേകാല്‍ പവന്‍ സ്വര്‍ണം പ്രതിയില്‍നിന്നു പൊലീസ് കണ്ടെടുത്തു. കഴുത്തില്‍ മുറിവേറ്റ നിലയില്‍ വഴിവക്കില്‍ കരഞ്ഞുകൊണ്ടിരുന്ന ഇവരെ തൊഴിലുറപ്പ് തൊഴിലാളികളാണു വണ്ടിക്കൂലി നല്‍കി വീട്ടിലെത്തിച്ചത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നു കാറിന്റെ നമ്പര്‍ ലഭിച്ച നൂറനാട് പൊലീസ് രാത്രിയോടെ അടൂര്‍ മങ്ങാടുള്ള വീട്ടില്‍നിന്നാണ് സന്‍ജിത്തിനെ പിടികൂടിയത്.തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Signature-ad

ഇന്നലെ രാവിലെ 11.30ന് മാവേലിക്കരപന്തളം റോഡില്‍ ഇടപ്പോണ്‍ ആറ്റുവ എ.വി മുക്കിലാണു സംഭവം. പന്തളത്തേക്കു പോകാന്‍ ബസ് കാത്തിരിക്കുകയായിരുന്നു വയോധിക. സംഭവത്തെക്കുറിച്ച് ഇവര്‍ പറയുന്നത്: മാങ്കാംകുഴി ഭാഗത്തു നിന്നു വന്ന കാറില്‍ ഒരു യുവാവ് പന്തളത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തു. താനും പന്തളത്തേക്കാണെന്നു പറഞ്ഞപ്പോള്‍ യുവാവ് സ്‌നേഹപൂര്‍വം കാറില്‍ കയറ്റി, വീട്ടുകാര്യങ്ങളെല്ലാം തിരക്കിക്കൊണ്ടു വണ്ടി ഓടിച്ചു.

പന്തളത്ത് എത്തുന്നതിനു മുന്‍പ് ചേരിക്കലേക്കുള്ള റോഡില്‍ കുറച്ചു ദൂരം പോയി. ഇതിനിടെ യുവാവ് മുഖത്ത് എന്തോ സ്‌പ്രേ ചെയ്തു. നീറ്റല്‍ മൂലം കണ്ണു തുറക്കാനാകാതെ താന്‍ നിലവിളിച്ചപ്പോള്‍ കൊന്നുകളയുമെന്നു യുവാവ് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറഞ്ഞു. കഴുത്തില്‍ നിന്നു മൂന്നരപ്പവന്‍ മാലയും കയ്യിലെ മുക്കാല്‍ പവന്‍ വളയും ഇയാള്‍ ഊരിയെടുത്തു. കുറച്ചു ദൂരം കൂടി പോയ ശേഷം കാര്‍ നിര്‍ത്തി വഴിയില്‍ തള്ളിയിറക്കി സ്ഥലംവിട്ടു.

കംപ്യൂട്ടര്‍ എന്‍ജിനീയറായ സന്‍ജിത്ത് കടം വീട്ടാനാണ് മോഷണം നടത്തിയതെന്നും വയോധികയുടെ മുഖത്ത് മുളക് സ്‌പ്രേ അടിച്ച ശേഷമായിരുന്നു ആഭരണങ്ങള്‍ കൈക്കലാക്കിയതെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: