ഒട്ടാവ: ബ്രാംപ്റ്റണില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയ ഖലിസ്താന്‍ സംഘങ്ങളുടെ പ്രകടനത്തില്‍ പങ്കെടുത്ത കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. പീല്‍ റീജിയണല്‍ പോലീസിലെ സെര്‍ജന്റായ ഹരിന്ദര്‍ സോഹിയ്ക്കെതിരായാണ് നടപടി. ഞായറാഴ്ചയാണ് ഖലിസ്താനികള്‍ ക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയത്.
ക്ഷേത്രത്തിന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഹരിന്ദര്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ഖലിസ്താന്‍ കൊടിയുമായി ഹരിന്ദര്‍ നീങ്ങുന്നത് വീഡിയോകളില്‍ വ്യക്തമാണ്. പ്രകടനത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും കേള്‍ക്കാം.
18 കൊല്ലമായി പോലീസ് സേനയില്‍ ജോലി ചെയ്യുകയാണ് ഹരിന്ദര്‍. സസ്പെന്‍ഷന് പിന്നാലെ ഹരിന്ദറിന് വധഭീഷണി ലഭിക്കുന്നതായും വാര്‍ത്തകളുണ്ട്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിഷയത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും പീല്‍ പോലീസ് വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ക്ഷേത്രത്തിനുനേരേ ഖലിസ്താന്‍ അനുകൂലികളുടെ ആക്രമണമുണ്ടായതില്‍ കനേഡിയന്‍സര്‍ക്കാരിനെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായി വിമര്‍ശിച്ചു. ഹിന്ദുക്ഷേത്രത്തിനുനേരേ മനഃപൂര്‍വം നടത്തിയ ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു.
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വിരട്ടാനുള്ള കാനഡയുടെ ഭീരുത്വംനിറഞ്ഞ ശ്രമങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ഇത്തരം പ്രവൃത്തികള്‍ ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെ ദുര്‍ബലമാക്കില്ലെന്നും പ്രധാനമന്ത്രി ‘എക്‌സി’ല്‍ കുറിച്ചു. കനേഡിയന്‍സര്‍ക്കാര്‍ നീതിയുറപ്പാക്കുമെന്നും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഖലിസ്താന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജറുടെ വധവുമായി ഇന്ത്യയെ കാനഡ ബന്ധപ്പെടുത്തിയശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ പ്രസ്താവനയാണിത്.
ഖലിസ്താന്‍ പതാകയുമായെത്തിയ അക്രമികള്‍ ഞായറാഴ്ചയാണ് ബ്രാംറ്റണിലെ ക്ഷേത്രത്തില്‍ കൈയാങ്കളി നടത്തിയത്. കൈയും വടിയുമുപയോഗിച്ച് ആളുകള്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ നയതന്ത്രകാര്യാലയം ഹിന്ദുസഭാക്ഷേത്രത്തില്‍ നടത്തുന്ന പരിപാടി ഇക്കാരണത്താല്‍ തടസ്സപ്പെട്ടു.
ഇതിനുപിന്നാലെ ഇത്തരം ആക്രമണങ്ങളില്‍നിന്ന് എല്ലാ ആരാധനാലയങ്ങളെയും സംരക്ഷിക്കുമെന്ന് കനേഡിയന്‍സര്‍ക്കാര്‍ ഉറപ്പു നല്‍കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ആക്രമണം അംഗീകരിക്കാനാകില്ലെന്നും കാനഡയിലെ എല്ലാ പൗരര്‍ക്കും സുരക്ഷിതമായി വിശ്വാസമാചരിക്കാനുള്ള അവകാശമുണ്ടെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.