കണ്ണൂര്‍: ഇരട്ടിയില്‍ വീണ്ടും വന്‍ MDMA വേട്ട. കഴിഞ്ഞ ദിവസം രാത്രി ഇരിട്ടി കൂട്ടുപ്പുഴ പോലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് ഇരിട്ടി എസ്‌ഐ: ഷറഫുദീന്റെ നേതൃത്വത്തിലുള്ള ഇരിട്ടിപോലീസ് ഉം കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് KL13 AX 2481 നമ്പര്‍ കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം MDMA യുമായി യുവതി ഉള്‍പ്പെടെ രണ്ട് പേര് പിടിയിലായത്.
കോഴിക്കോട് സ്വദേശി മുഹമ്മദ് അമീര്‍ (34), വെസ്റ്റ് ബംഗാള്‍ സ്വദേശിനി സല്‍മ കാടൂണ്‍ (30) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാല്‍ IPS ന്റെ നിര്‍ദേശാനുസരണം കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ നടത്തി വരുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ജില്ലയിലെ പ്രധാനമയക്കുമരുന്ന് കടത്തുകാര്‍ പിടിയിലായത്.
പ്രതികള്‍ പയ്യാമ്പലം ഫ്‌ലാറ്റില്‍ ദമ്പതികളെന്ന വ്യാജേന താമസിച്ചു വ്യാപകമായി MDMA വിതരണം ചെയ്യാറുണ്ടെന്നു ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി. ഈ മാസം 200 ഗ്രാം MDMA യുമായി കര്‍ണാടക സ്വദേശി ഷാനുവിനെ ശ്രീകണ്ഠാപുരത്ത് പിടികൂടിയിരുന്നു.