KeralaNEWS

രാഷ്ട്രീയ മേല്‍വിലാസം മുതലെടുത്ത് സച്ചിതയുടെ തട്ടിപ്പ്; അക്കൗണ്ട് വഴി മൂന്ന് കോടിയുടെ ഇടപാട്

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി കോടിക്കണക്കിനു രൂപ തട്ടിയെടുത്ത ബാഡൂര്‍ എ.എല്‍.പി സ്‌കൂളിലെ അദ്ധ്യാപികയും മുന്‍ ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന ഷേണി ബല്‍ത്തക്കല്ലുവിലെ സച്ചിതാ റൈ (27) ഒടുവില്‍ അറസ്റ്റിലായി. വ്യാഴാഴ്ച വൈകുന്നേരം കാസര്‍കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങുന്നതിനായി എത്തിയ യുവതിയെ കാസര്‍കോട് വിദ്യാനഗറില്‍ വച്ച് അഭിഭാഷകന്റെ ഓഫീസില്‍ വച്ചാണ് കാസര്‍കോട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് മജിസ്ട്രേറ്റ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അഭിഭാഷകനെ കണ്ടശേഷം കോടതിയില്‍ കീഴടങ്ങാനായിരുന്നു പരിപാടി. പൊലീസ് പിടികൂടുമ്പോള്‍ തന്റെ പിഞ്ചുകുഞ്ഞും സച്ചിത റൈയുടെ ഒപ്പം ഉണ്ടായിരുന്നു. വനിതാ പൊലീസ് അടക്കമുള്ള സംഘം എത്തി പിടികൂടിയ യുവതിയെ പിന്നീട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു.

Signature-ad

പണം തട്ടിപ്പുമായി ബന്ധപ്പെട്ട് 12 ലധികം കേസുകളാണ് സച്ചിതയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. കുമ്പള, ബദിയഡുക്ക, മേല്‍പറമ്പ്, ആദൂര്‍, മഞ്ചേശ്വരം, കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടി എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍. ഡി.വൈ.എഫ്.ഐ നേതാവ് എന്ന നിലയിലെ പ്രവര്‍ത്തനമികവിലൂടെ വിശ്വാസ്യത നേടിയെടുത്താണ് ഒരു ലക്ഷം മുതല്‍ 15 ലക്ഷം വരെ വാങ്ങി തട്ടിപ്പ് നടത്തിയത്. സച്ചിത റൈ വിവാഹത്തിന് ശേഷം കോഴിക്കോട്ടേക്ക് താമസം മാറിയതിനാല്‍ സംഘടനയില്‍ സജീവമല്ലായിരുന്നു. ഉത്തരവാദിത്വങ്ങള്‍ ഒഴിഞ്ഞ യുവതി പാര്‍ട്ടി അംഗത്വം നിലനിര്‍ത്തിയിരുന്നു. തട്ടിപ്പ് കഥകള്‍ പുറത്തുവന്നപ്പോള്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി.

സി.പി.സി.ആര്‍.ഐ, കേന്ദ്രീയ വിദ്യാലയം, എസ്.ബി.ഐ, കര്‍ണ്ണാടക എക്‌സൈസ്, കര്‍ണ്ണാടക വനം വകുപ്പ് എന്നിവിടങ്ങളില്‍ ജോലി ഓഫര്‍ ചെയ്താണ് പണം തട്ടിയത്. ഉഡുപ്പി കേന്ദ്രീകരിച്ച് റിക്രൂട്ടിംഗ് സ്ഥാപനം നടത്തുന്ന ചന്ദ്രശേഖര കുന്താര്‍ എന്നയാള്‍ വഴിയാണ് സച്ചിത റൈ പണം തട്ടിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. യുവതിയുടെ ബാങ്ക് അക്കൗണ്ട് വഴി മൂന്ന് കോടിയുടെ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് നിഗമനം.

കേസുകളുടെ എണ്ണം ഡസനില്‍ എത്തിയിട്ടും സച്ചിതയെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. അന്വേഷണത്തിനായി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനു രൂപം നല്‍കിയ ശേഷമാണ് പ്രതി പിടിയിലായത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: