KeralaNEWS

ദിവ്യയ്ക്കും പോലീസിനും ഒളിച്ചുകളി തുടരാം! ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി 29-ന്

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 29-ന് വിധി പറയും. വാദം പൂര്‍ത്തിയായ ശേഷമാണ് കോടതി വിധി പറയാന്‍ മാറ്റിയിരിക്കുന്നത്. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തിരുന്നത്.

നവീന്‍ ബാബുവിനെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുക ആയിരുന്നില്ല ദിവ്യയുടെ ഉദ്ദേശമെന്നും ഈ പരാമര്‍ശം വഴി അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നുമാണ് കോടതിയില്‍ ദിവ്യയുടെ അഭിഭാഷകനായ കെ. വിശ്വന്‍ വാദിച്ചത്. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ഒരു ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണ്, 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകയാണ്, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന വ്യക്തിയാണ് തുടങ്ങിയ വാദങ്ങളും കോടതിയില്‍ ഉന്നയിച്ചു. നീണ്ട വാദങ്ങള്‍ക്ക് ശേഷമാണ് കോടതി ജാമ്യം നല്‍കിയത്.

Signature-ad

ഒക്ടോബര്‍ 18-നാണ് ദിവ്യയ്ക്കുവേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ദിവ്യയ്‌ക്കെതിരേ ചുമത്തിയത്. ഒക്ടോബര്‍ 14-ന് രാവിലെ കണ്ണൂരില്‍ നടന്ന സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ പി.പി. ദിവ്യയെ കണ്ടിരുന്നു. വൈകീട്ട് മൂന്നിന് എ.ഡി.എമ്മിന് യാത്രയയപ്പ് നല്‍കുന്ന കാര്യം സംസാരിച്ചപ്പോള്‍ പങ്കെടുക്കാന്‍ സമ്മതിച്ചതായാണ് ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയിയിലെ പ്രധാന വാദവും ഇതായിരുന്നു. അതേസമയം ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നാണ് കളക്ടര്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചത്.

നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍.ഒ.സി. അനുവദിക്കുന്നതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പി.പി.ദിവ്യ എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തി ആരോപിച്ചത്. തന്റെ കൈവശമുള്ള തെളിവുകള്‍ ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. ദിവ്യയുടെ ആരോപണത്തിന് പിന്നാലെ, കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ഒക്ടോബര്‍ 15-നാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നാലെ നവീന്‍ ബാബുവിനെതിരായ ആരോപണത്തില്‍ പി.പി.ദിവ്യക്കൊപ്പം കളക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.

Back to top button
error: