എറണാകുളം പനങ്ങാട് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കലൂർ ഗോകുലം ഫൈനാൻസിൽ ജോലി ചെയ്യുന്ന പള്ളുരുത്തി സ്വദേശി സനില (40)യാണ് മരിച്ചത്. എതിർ ദിശയിൽ നിന്ന് വരികയായിരുന്ന സ്കൂട്ടറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ബൈക്ക് പൂർണമായും കത്തിനശിച്ചു. 2 സ്ത്രീകളേയടക്കം 3 പേരേയും ഗുരുതരാവസ്ഥയിൽ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നു.
മാടവന സിഗ്നലിന് സമീപം ഇന്ന് (ചൊവ്വ) രാവിലെയായിരുന്നു അപകടം. അരൂർ ഭാഗത്ത് നിന്ന് വൈറ്റിലയ്ക്കു വന്ന സ്കൂട്ടറിലേക്ക് മറ്റൊരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മീഡിയൻ കടന്ന് എതിർ ദിശയിൽ വന്ന ബൈക്കിലേക്ക് ഇടിച്ചു. ഈ ബൈക്കാണ് കത്തി നശിച്ചത്. ഇതേ ബൈക്കിൽ സഞ്ചരിച്ച യാത്രികനും സ്കൂട്ടറിലെ യാത്രക്കാരായ സ്ത്രീയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബൈക്കിന്റെ പെട്രോൾടാങ്കടക്കം പൂർണമായും കത്തി നശിച്ചു. നാട്ടുകാരെത്തിയാണ് തീ കെടുത്തിയത്. അതേസമയം ആദ്യം സ്കൂട്ടറിൽ ഇടിച്ച ബൈക്ക് നിർത്താതെ പോയി. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച സനിലയുടെ ഭർത്താവ് കലജൻ, ഒരു മകനുണ്ട്.