തിരുവനന്തപുരം: ഒറ്റ ഒഴിവും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ 2560 തസ്തികളില്‍ താല്‍ക്കാലിക നിയമനവുമായി കെ.എസ്.ആര്‍.ടി.സി. ബസുകളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരെ കുറയ്ക്കാന്‍ 2018 മുതല്‍ അഞ്ചു വര്‍ഷം നിയമന നിരോധനമായിരുന്നു. ഈ കാലയളവിലുണ്ടായ ഒഴിവുകളില്‍ ജീവനക്കാരെ പുനര്‍വിന്യസിച്ചു. ഇതോടെ സ്ഥിരം ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
നിരോധനം 2023ല്‍ തീര്‍ന്നു. പിന്നീട് കഴിഞ്ഞ ആറ് മാസം 2560 പോണ് വിരമിച്ചത്. ഈ ഒഴിവുകളൊന്നും പി. എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ കുറഞ്ഞ ദിവസശമ്പളത്തിന് താല്‍ക്കാലികക്കാരെ നിയമിക്കുകയാണ്.
റിസര്‍വ് ഡ്രൈവര്‍, അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍, മെക്കാനിക് തസ്തികളിലാണ് താല്‍ക്കാലിക നിയമനം. ഇതിന് എല്ലാ യൂണിറ്റ്, മേഖലാ അധികാരികള്‍ക്കും സി.എം.ഡി നിര്‍ദ്ദേശം നല്‍കി. ഡ്രൈവര്‍ തസ്തികകളാണ് ഏറെയും – 1675. 410 മെക്കാനിക്ക്, 48 അസി. ഡിപ്പോ എന്‍ജിയര്‍ തസ്തികകളും ഉണ്ട്. അസി.ഡിപ്പോ എന്‍ജിനീയര്‍ പ്രൊമോഷന്‍ തസ്തികയാണ്. അതും താല്‍ക്കാലികക്കാര്‍ക്ക്. ഇനിയുണ്ടാകുന്ന റിട്ടയര്‍മെന്റ് ഒഴിവുകളിലും താല്‍ക്കാലിക നിയമനമായിരിക്കും.
നിലവില്‍ ശമ്പളത്തിനു പോലും പാടുപെടുന്നതിനാലാണ് പി.എസ്.സി വഴി സ്ഥിരനിയമനം നടത്താത്തതെന്നാണ് വിശദീകരണം. 2018ലാണ് ഒടുവില്‍ പി.എസ്.സി നിയമനം നടന്നത്. അതും അഡൈ്വസ് മെമ്മോ കിട്ടിയിട്ടും നിയമനം ലഭിച്ചില്ലെന്ന് കാട്ടി ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ച ശേഷം. അന്ന് 1350 റിസര്‍വ് കണ്ടക്ടര്‍മാരെ നിയമിച്ചു. തുടര്‍ന്നാണ് നിയമന നിരോധനം വന്നത്.
ആറുമാസമായി വിരമിക്കുന്ന ഡ്രൈവര്‍മാരെ താല്‍ക്കാലികക്കരായി തുടരാന്‍ അനുവദിക്കുന്നുണ്ട്. സ്വിഫ്ടില്‍ എല്ലാം താല്‍ക്കാലിക നിയമനമായിരുന്നു. താല്‍ക്കാലിക ഡ്രൈവര്‍ 10,000 രൂപയും മെക്കാനിക്ക് 5,000 രൂപയും ഡെപ്പോസിറ്റ് നല്‍കണം. ഒരു വര്‍ഷത്തെ കരാറാണെങ്കിലും 60 വയസുവരെ തുടരാം. ശബരിമല സീസണില്‍ കൂടുതല്‍ ജീവനക്കാരെ ആവശ്യമാണ്. അതിനാല്‍ ഈ അവസരത്തില്‍ സര്‍വീസുകള്‍ക്ക് ആവശ്യത്തിന് ജീവനക്കാരില്ലെന്നു പറഞ്ഞും താല്‍ക്കാലിക നിയമനം തകൃതിയാക്കി.