എറണാകുളം: സ്ത്രീകള്‍ തമ്മിലുള്ള വാക്കേറ്റത്തിന്റേയും അടിപിടിയുടേയും ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. പറവൂര്‍ പുത്തന്‍വേലിക്കരയില്‍ ആണ് സംഭവം നടന്നത്. കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് എത്തിയപ്പോള്‍ പിടിച്ചുമാറ്റാന്‍ ചെന്നയാള്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തു. പുത്തന്‍വേലിക്കര ചെറു കടപ്പുറം കാച്ചപ്പിള്ളി വീട്ടില്‍ ബിബിനാണ് വെട്ടേറ്റത്. ബിബിനെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെട്ടേറ്റ ബിബിനിന്റെ നില ഗുരുതരമല്ലെന്നാണ് വിവരം. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ട് സ്ത്രീകള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്നതും തുടര്‍ന്ന് കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സ്ത്രീകള്‍ തമ്മിലടിക്കുമ്പോള്‍ രണ്ട് പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. അപവാതം പറഞ്ഞുപരത്തിയെന്ന് ആരോപിച്ചാണ് വഴക്ക് തുടങ്ങിയത്.
പിന്നീട് കൈചൂണ്ടി പരസ്പരം സംസാരിക്കുകയും സ്ത്രീകളില്‍ ഒരാളുടെ അമ്മയെ രണ്ടാമത്തെ സ്ത്രീ ഉന്തിയതിലൂടെയുമാണ് പ്രശ്നം വഷളായത്. അമ്മയുടെ ദേഹത്ത് കൈവെക്കുന്നോ എന്ന് ചോദിച്ച് പരസ്പരം മുടിയില്‍ കുത്തിപ്പിടിക്കുന്നതും പിടിച്ച് വലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതോടെ സ്ഥലത്തുണ്ടായിരുന്ന പെണ്‍കുട്ടികളും ഒരു സ്ത്രീയെ മര്‍ദ്ദിക്കുന്നുണ്ട്. തുടര്‍ന്ന് ഒരാള്‍ പിടിച്ച് മാറ്റാനും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ അവസാനം കാണാന്‍ കഴിയുക.