KeralaNEWS

ശബരിമലയില്‍ ‘സ്‌പോട് ബുക്കിങ്’ തുടരും; വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന നിലപാട് തിരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന നിലപാട് തിരുത്തി സര്‍ക്കാര്‍. ശബരിമലയില്‍ സ്‌പോട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കും. വി.ജോയ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ സൗകര്യം ഉറപ്പാക്കാന്‍ അവലോകന യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

തിരുപ്പതി ഉള്‍പ്പെടെയുള്ള പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളില്‍ കുറ്റമറ്റ രീതിയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം നടന്നുവരുന്നു. ഇതേ മാതൃകയിലാണ് 2011 മുതല്‍ ശബരിമലയിലും വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയത്. വെര്‍ച്വല്‍ ക്യൂ സംവിധാനം കുറ്റമറ്റ രീതിയില്‍ ശക്തിപ്പെടുത്താന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്താതെയും ഈ സംവിധാനത്തെ കുറിച്ച് അറിയാതെയും എത്തുന്ന ഭക്തര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീര്‍ഥാടകര്‍ ഏതു പാതയാണ് തിരഞ്ഞെടുക്കുന്നതെന്ന വിവരം വെര്‍ച്വല്‍ ക്യൂവില്‍ ഉള്‍പ്പെടുത്തുന്നതിനും, തിരക്ക് കുറഞ്ഞ ദിവസം ഭക്തര്‍ക്ക് യഥേഷ്ടം പാത തിരഞ്ഞെടുക്കുന്നതിനുമുള്ള ക്രമീകരണവും സോഫ്റ്റ്വെയറില്‍ കൊണ്ടുവരും. ഓരോ ദിവസവും ബുക്ക് ചെയ്യുന്ന തീര്‍ഥാടകരുടെ എണ്ണം ജില്ലാ ഭരണകൂടത്തിനും പൊലീസിനും മുന്‍കൂട്ടി നല്‍കാനും യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

Back to top button
error: