KeralaNEWS

തൃശ്ശൂരിലെ തോല്‍വിക്ക് കാരണം പൂരം കലക്കല്‍ മാത്രമല്ല, ഇടതു വോട്ടുകളും ചോര്‍ന്നു; സംസ്ഥാന കൗണ്‍സിലില്‍ തുറന്നടിച്ച് സുനില്‍കുമാര്‍

തിരുവനന്തപുരം: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തോല്‍വിയുടെ അലയൊലികള്‍ ഇനിയും തീരുന്നില്ല. എല്‍ഡിഎഫിന്റെ തോല്‍വിയ്ക്ക് തൃശൂര്‍ പൂരം മാത്രമല്ല കാരണമെന്ന് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ പറഞ്ഞു. മണ്ഡലത്തിലെ സിപിഐഎം, സിപിഐ വോട്ടുകളും ചോര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇടതുമുന്നണി എല്ലായ്‌പ്പോഴും ലീഡ് നിലനിര്‍ത്തുന്ന ഏതാണ്ട് 27 ഇടങ്ങളില്‍ എല്‍ഡിഎഫിന് തിരിച്ചടിയേറ്റു. എല്‍ഡിഎഫിന്റേത് രാഷ്ട്രീയ പരാജയമാണ്. പൂരം വിവാദം മാത്രമല്ല അങ്ങനെ സംഭവിക്കാന്‍ കാരണമായതെന്ന് കരുതരുതെന്നും സുനില്‍ കുമാര്‍ കൗണ്‍സിലില്‍ പറഞ്ഞു. പലയിടങ്ങളിലും സിപിഐഎം കേഡര്‍മാരുടെയും അനുഭാവികളുടെയും വോട്ടുകള്‍ ബിജെപി വാങ്ങിയെന്ന് തൃശൂരില്‍ നിന്നുള്ള മറ്റൊരു നേതാവ് കൗണ്‍സിലില്‍ പറഞ്ഞു.

Signature-ad

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയാണ് വിജയിച്ചത്. തൃശൂര്‍ പൂരം ബോധപൂര്‍വം കലക്കിയതാണ് സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമെന്ന് ഇടതുപക്ഷ അനുഭാവികളും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. എന്നാല്‍ അത് മാത്രമല്ല തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം എന്ന് സുനില്‍കുമാര്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു, എഡിജിപി എം.ആര്‍.അജിത്കുമാറുമായും മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട് ഉയര്‍ന്ന സമീപകാല വിവാദങ്ങളിലാണ് വിമര്‍ശനം ഉയര്‍ന്നത്. സര്‍ക്കാരിനും മുന്നണിക്കും അവമതിപ്പുണ്ടാക്കിയ വിവാദങ്ങളില്‍ വേണ്ട രീതിയില്‍ ഇടപെടാനും തിരുത്തല്‍ വരുത്താനും പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നു വിമര്‍ശനമുയര്‍ന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ വാദം തള്ളി.

മുഖ്യമന്ത്രിയെ വിജയാ… എന്നു വിളിച്ച് സംസാരിക്കാന്‍ മുന്‍ സെക്രട്ടറി വെളിയം ഭാര്‍ഗവന് കഴിഞ്ഞിരുന്നുവെന്നും എന്നാല്‍, തനിക്കതിനു കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഉയര്‍ന്നു വന്ന വിഷയങ്ങളിലെല്ലാം പാര്‍ട്ടിയുടെ ഉറച്ച നിലപാട് മുഖ്യമന്ത്രിയോടും സിപിഎം സംസ്ഥാന സെക്രട്ടറിയോടും മുഖത്തുനോക്കി പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി.

പ്രകാശ് ബാബുവിനും വി.എസ്.സുനില്‍കുമാറിനുമെതിരെ അദ്ദേഹം വീണ്ടും നിലപാട് കടുപ്പിക്കുകയും ചെയ്തു. സെക്രട്ടറിയെന്ന നിലയിലാണ് പാര്‍ട്ടിയുടെ നിലപാടുകള്‍ താന്‍ പറയുന്നതെന്നും മറ്റാരും വക്താക്കളാകേണ്ടെന്നും വ്യക്തമാക്കി. താനല്ല, ആരു സെക്രട്ടറിയാണെങ്കിലും അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതിയെന്നും വിശദീകരിച്ചു.

വിമതപ്രവര്‍ത്തനം നടത്തുന്ന മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായിലിനെതിരെ അച്ചടക്ക നടപടി വേണമെന്ന് പാലക്കാട് ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ അത് അംഗീകരിച്ചില്ല. എന്നാല്‍ ഇസ്മായില്‍ പാലക്കാട് ജില്ലാ കൗണ്‍സിലിന്റെ ഭാഗമായി അച്ചടക്കത്തോടെ പ്രവര്‍ത്തിക്കണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ നിര്‍ദേശിച്ചു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ആനി രാജ സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് സംസ്ഥാന നേതൃത്വവുമായി ആലോചിച്ചും നേതൃത്വത്തെ വിശ്വാസത്തിലെടുത്തും വേണമെന്നും രാജ വ്യക്തമാക്കി.

Back to top button
error: