സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പുരോഗമിക്കുന്നു. 8-ാം തിയതി വരെയാണ് മസ്റ്ററിങ് നടത്താനുള്ള സമയപരിധി.
മുൻഗണനാ റേഷൻ കാർഡുകളായ മഞ്ഞ, പിങ്ക് കാർഡുകളില്‍ അംഗങ്ങളായ 1.05 കോടിയില്‍ പരം ആളുകളാണ് ഇതുവരെ മസ്റ്ററിങ് നടത്തിയത്. 48 ലക്ഷത്തില്‍പരം പേർ കൂടി ഇനിയും മസ്റ്ററിങ് നടത്താനുണ്ട്.
മഞ്ഞ, പിങ്ക് എന്നിവയില്‍ 1.53 കോടി അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 68.5 ശതമാനം പേരുടെ മസ്റ്ററിങ് മാത്രമാണ് പൂർത്തിയായത്. അതിനാല്‍ സമയം നീട്ടിനല്‍കണമെന്ന് വ്യാപാരികളുടെ സംഘടനകള്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് സംസ്ഥാനം മസ്റ്ററിങ് നടത്താൻ തീരുമാനിച്ചത്. ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിന്റെ ഭാഗമായി (ഇ-കൈവൈസി) മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻ കടകളിലെത്തി ഇ പോസ് യന്ത്രങ്ങളില്‍ വിരല്‍ പതിപ്പിച്ച് ബയോ മസ്റ്ററിങ് നടത്തണം.
കിടപ്പുരോഗികള്‍, വിരലടയാളത്തിലൂടെ ബയോ മെട്രിക് വിവരങ്ങള്‍ പതിയാത്തവർ, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്നിവരുടെ മസ്റ്ററിങ് നടത്താൻ പ്രത്യേക സംവിധാനം ഇനിയും ആരംഭിച്ചിട്ടില്ല. താലൂക്ക് സപ്ലൈ ഓഫിസുകളില്‍ അറിയിച്ചാല്‍ കിടപ്പുരോഗികളുടെ വീട്ടിലെത്തുമെന്ന് അധികൃതർ പറഞ്ഞു. സൗജന്യ റേഷൻ ലഭിക്കുന്നവർ തുടർന്നും അർഹരാണെന്ന് ഉറപ്പിക്കാനാണ് ബയോമെട്രിക് വിവരങ്ങളിലൂടെ മസ്റ്ററിങ് നടത്തുന്നത്. മസ്റ്ററിങ് സമയത്ത് റേഷൻ കാർഡും ആധാർ കാർഡും നിർബന്ധമായും കരുതണം.