KeralaNEWS

എ‍.ഡി.ജി.പി അജിത് കുമാറിൻ്റെ കസേര തെറിച്ചു, മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല

മുഖ്യമന്ത്രി  ഓഫിസിൽ നേരിട്ടെത്തി ഉത്തരവിൽ ഒപ്പുവെച്ചു

    ഒടുവിൽ എ.ഡി.ജി.പി അജിത് കുമാറിൻ്റെ കസേര തെറിച്ചു. ആർഎസ്എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ തുടങ്ങിയ വിവാദങ്ങളിൽപ്പെട്ട് സർക്കാരിന് തലവേദനയായ എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് 32 ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടാകുന്നത്.

രാത്രി മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ എത്തി ഉത്തരവിൽ ഒപ്പു വയ്ക്കുകയായിരുന്നു. 20 മിനിറ്റോളം മുഖ്യമന്ത്രി ഓഫീസിൽ ചെലവഴിച്ചു. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർ‌ണായക തീരുമാനം. ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാനച്ചുമതല നൽകി. അതേസമയം, അജിത് കുമാർ ബറ്റാലിയൻ‌ എ.ഡി.ജി.പിയായി തുടരും.

Signature-ad

അജിത് കുമാറിനെക്കുറിച്ചുള്ള പരാതികളിൽ ഡി.ജി.പി യുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് ഇന്നലെയാണ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തളളിയിരുന്നു.

പി.വി. അൻവർ ആരോപിച്ച റിദാൻ, മാമി കേസുകളിൽ പൊലീസിന് അന്വേഷണ വീഴ്ചയുണ്ടായി എന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ. റിദാൻ കേസിന്റെ അന്തിമ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നും മാമി തിരോധാന കേസിലെ ആദ്യ ഘട്ടത്തിൽ അന്വേഷണ വീഴ്ചയുണ്ടായി എന്നുമാണ് റിപ്പോർട്ടിലുളളത്.

എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ കുറേ നാളുകളായി പി.വി. അൻവർ എം.എൽ.എ. അജിത് കുമാറിനെതിരേ ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. എൽ.ഡി.എഫിൽ നിന്ന് പിണങ്ങി പുതിയ പാർട്ടി രൂപീകരിക്കുന്നതിലേക്ക് വരെ എഡിജിപിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പിവി അൻവറിനെ എത്തിച്ചിരുന്നു. പക്ഷേ ഡി.ജി.പിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേകാന്വേഷണത്തിന് ശേഷം മാത്രമേ എ.ഡി.ജിപിക്കെതിരേ നടപടി ഉണ്ടാകൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: