കൊച്ചി: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതിയുടെ ഭാര്യയില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട പരാതിക്കാരിക്ക് എതിരെ കേസ്. മലപ്പുറം സ്വദേശിനിയുടെ പരാതിയില്‍ ചേരാനെല്ലൂര്‍ പൊലീസാണ് കേസെടുത്തത്.
കൊച്ചി നോര്‍ത്ത് പൊലീസാണ് പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ പേരില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ജാമ്യത്തില്‍ ഇറക്കുകയായിരുന്നു. പിന്നാലെയാണ് അതിജീവിത യുവതിയുമായി ബന്ധപ്പെടുന്നത്. കേസ് പിന്‍വലിക്കാന്‍ 10 ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്.
തുക സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ തന്റെ അഭിഭാഷകനെ വിളിക്കാനും അതിജീവിത ആവശ്യപ്പെട്ടു. അഭിഭാഷകനും യുവതിയോട് അപമര്യാദയായി സംസാരിച്ചു. തുടര്‍ന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാല്‍ കേസെടുക്കാന്‍ തയാറായില്ല. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പരാതിക്കാരിക്കെതിരെ കേസെടുത്തത്.