KeralaNEWS

മലപ്പുറത്ത് അഞ്ച് വര്‍ഷത്തിനിടെ പിടികൂടിയത് 123 കോടിയുടെ സ്വര്‍ണം, ഇപ്പോള്‍ കാണുന്നത് അതിന്റെ പ്രതികരണം; അന്‍വറിന് പിന്നിലെ സ്വര്‍ണ്ണക്കടത്ത് മാഫിയയിലേക്ക് വിരല്‍ചൂണ്ടി വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് ഹവാല ബന്ധമുണ്ടെന്ന ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നേരത്തെ വ്യക്തമാക്കിയത്. ഇപ്പോഴിതത്തെ വിവാദങ്ങള്‍ക്ക് പിന്നിലുള്ള ശക്തികള്‍ അതു തന്നെയാണെന്ന് വിരല്‍ചൂണ്ടി മുഖ്യമന്ത്രി വീണ്ടും രംഗത്തുവന്നു. മലപ്പുറം കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണ-ഹവാല ഇടപാടിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടാണ് പിണറായി രംഗത്തെത്തിയത്.

സ്വര്‍ണക്കടത്തും ഹവാല പണവും കടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പോലീസ് നടത്തിയ പരിശോധനയില്‍ ഉണ്ടായ അസ്വാരസ്യങ്ങളാണ് സിപിഎം-ആര്‍എസ്എസ് ബന്ധമെന്ന ആരോപണത്തിന് പിന്നിലെ പ്രധാന പ്രേരകഘടകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഞ്ചു വര്‍ഷത്തിനിടെ മലപ്പുറത്ത് കോടികളുടെ സ്വര്‍ണവും ഹവാല പണവും പോലീസ് പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന് ആര്‍എസ്എഎസ് നയങ്ങളാണെന്ന ഇടത് എംഎഎല്‍എ ആയിരുന്ന പി.വി.അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Signature-ad

‘ഹിന്ദു’ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഉന്നത ആര്‍എസ്എസ് നേതാക്കളുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന ആരോപണത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

”ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം എന്നും ആര്‍എസ്എസിനെയും മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഞങ്ങളുടെ സഖാക്കളില്‍ പലര്‍ക്കും അവര്‍ക്കെതിരെ നിലയുറപ്പിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ആര്‍ക്കും ഈ കള്ളക്കഥകള്‍ വിശ്വസിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ നാം മനസ്സിലാക്കണം. കേരളത്തിലെ ജനസംഖ്യയുടെ ഗണ്യമായ അനുപാതം ന്യൂനപക്ഷ സമുദായങ്ങളാണ്.

ഏറെക്കാലമായി ഈ സമുദായങ്ങള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ അത് മാറി. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇപ്പോള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നു. ഇത് തിരഞ്ഞെടുപ്പില്‍ തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് നന്നായി അറിയാവുന്ന യുഡിഎഫ് ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്, ഞങ്ങള്‍ ആര്‍എസ്എസിനോട് മൃദുസമീപനം പുലര്‍ത്തുന്നു എന്ന വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നു.

ഈ പ്രചാരണം രാഷ്ട്രീയ നേട്ടം മാത്രമാണ് ലക്ഷ്യമിടുന്നത്. വര്‍ഗീയ വിഭജനം പ്രോത്സാഹിപ്പിക്കുന്ന മറ്റ് തീവ്രവാദ ഘടകങ്ങളും ഇതിനിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ സര്‍ക്കാര്‍ മുസ്ലിം തീവ്രവാദ ഘടകങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍, ഞങ്ങള്‍ മുസ്ലിങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ ശക്തികള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നു. ഉദാഹരണത്തിന്, മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന പോലീസ് പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവുമാണ്. ‘രാജ്യവിരുദ്ധ’ത്തിനും ‘ദേശവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം കേരളത്തില്‍ എത്തുന്നു.

നിങ്ങള്‍ പരാമര്‍ശിക്കുന്ന ആരോപണങ്ങള്‍ ഞങ്ങളുടെ സര്‍ക്കാരിന്റെ അത്തരം നടപടികളോടുള്ള പ്രതികരണമാണ്. അന്‍വറിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍ ഞങ്ങള്‍ ഇതിനകം ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്” – മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തിലും അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ സമാനമായ സ്വര്‍ണക്കടത്തിന്റെ കണക്കുകള്‍ അവതരിപ്പിച്ചിരുന്നു. സ്വര്‍ണക്കടത്തുകാരാണോ അന്‍വറിന്റെ പിന്നിലെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അത് നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നുമില്ല. കഴിഞ്ഞ ദിവസം നടത്തിയ പൊതുയോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ രംഗത്തുവന്നിരുന്നു.

മുഖ്യമന്ത്രി പിണറായി തനിക്ക് സ്വന്തം ബാപ്പയെപ്പോലെ ആയിരുന്നു. വര്‍ഗീയതയ്ക്കെതിരെ അത്ര ശക്തമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍. മനുഷ്യനെ പേര് നോക്കി വര്‍ഗീയവാദി ആക്കുന്ന കാലമാണെന്നായിരുന്നു അന്‍വറിന്റെ ആരോപണം.

Back to top button
error: