CrimeNEWS

വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറി അജ്ഞാതര്‍; തവനൂരില്‍ 17 വിദ്യാര്‍ഥികളെ ‘ടി.സി. കൊടുത്തു വിട്ടു’

മലപ്പുറം: വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അതിക്രമിച്ചുകയറി അജ്ഞാതര്‍ 17 വിദ്യാര്‍ഥികളെ ‘ടി.സി. നല്‍കി വിട്ടു’. തവനൂരിലെ കേളപ്പന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

ഈ വര്‍ഷം പുതിയതായി സ്‌കൂളില്‍ച്ചേര്‍ന്ന വിദ്യാര്‍ഥികളെയാണ് സ്‌കൂള്‍ അധികൃതര്‍ അറിയാതെ സ്‌കൂളില്‍നിന്ന് ‘വിടുതല്‍’ ചെയ്തത്.

Signature-ad

രേഖകള്‍പ്രകാരം ടി.സി. അനുവദിച്ചതോടെ സാങ്കേതികമായി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍നിന്ന് പുറത്തായി. എന്നാല്‍, ആര്‍ക്കെല്ലാമാണ് ടി.സി. അനുവദിച്ചതെന്ന് അധ്യാപകര്‍ അറിയിച്ചിട്ടില്ല. പ്രിന്‍സിപ്പല്‍ വി. ഗോപിയുടെ പരാതിയില്‍ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ കയറിയാണ് കുട്ടികളുടെ ടി.സി. പിന്‍വലിച്ചത്. ഒന്നാംവര്‍ഷ പരീക്ഷയുടെ നോമിനല്‍ റോള്‍ പരിശോധനയ്ക്കിടെയാണ് സംഭവം പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കൊമേഴ്‌സിലെ മൂന്നും ഹ്യുമാനിറ്റീസിലെ രണ്ടും സയന്‍സിലെ പന്ത്രണ്ടും വിദ്യാര്‍ഥികളുടെ ടി.സി.യാണ് പ്രിന്‍സിപ്പല്‍ അറിയാതെ അനുവദിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രിന്‍സിപ്പലിന്റെ യൂസര്‍ ഐ.ഡി.യും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് ടി.സി. അനുവദിച്ചത്. ലോഗിന്‍ ചെയ്ത കമ്പ്യൂട്ടര്‍ കണ്ടെത്താന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായംതേടി.

 

 

 

Back to top button
error: