മഞ്ഞുമ്മല്‍ ബോയ്‌സ്, ജാന്‍ എ മന്‍ എന്നീ ചിത്രങ്ങളിലടക്കം സഹസംവിധായകനായിരുന്ന അനില്‍ സേവ്യര്‍ (39) കഴിഞ്ഞ മാസം 27 നാണ് നിര്യാതനായത്. ഫുട്‌ബോള്‍ കളിക്കിടെ ഹൃദയസ്തംഭനമുണ്ടായി ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഇപ്പോഴിതാ, അനില്‍ സേവ്യറിന്റെ മാതൃക പിന്തുടര്‍ന്ന് സുഹൃത്തും സംവിധായകനുമായ ചിദംബരം അടക്കം ബന്ധുക്കളും മറ്റ് സുഹൃത്തുക്കളുമായ 34 പേര്‍ മരണശേഷം സ്വശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുനല്‍കാന്‍ തീരുമാനിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. ഇന്ദിര, അസോസിയേറ്റ് പ്രൊഫസര്‍ സാന്റോ ജോസ് എന്നിവര്‍ ചേര്‍ന്ന് ഇതിനായുള്ള സമ്മതപത്രം ഏറ്റുവാങ്ങി.
അനിലിന്റെയും അനുപമയുടെയും വിവാഹം നടന്ന അങ്കമാലി പ്രസിഡന്‍സി ക്ലബ് ഓഡിറ്റോറിയത്തില്‍ ഒരു ദിവസം നീണ്ട അനില്‍ സ്മരണയില്‍ കല, രാഷ്ട്രീയ, സിനിമാ രംഗത്തുനിന്നുള്ള സുഹൃത്തുക്കള്‍ പങ്കെടുത്തു. അനില്‍ സേവ്യറിന്റെ ഭാര്യ അനുപമ ഏലിയാസ്, ഭാര്യാ സഹോദരി അഞ്ജിത ഏലിയാസ്, അനുജന്‍ അജീഷ് സേവ്യര്‍, മാതൃസഹോദരങ്ങളായ ടി പി ഷൈജു, ടി പി ബൈജു, ഷൈജുവിന്റെ ഭാര്യ ഡെയ്‌സി, മകന്‍ അലിന്റ് എന്നിവരും സുഹൃത്തുക്കളുമടക്കം സമ്മതപത്രം കൈമാറി. ആദ്യമായാണ് ഇത്രയധികം പേര്‍ ഒന്നിച്ച് ഭൗതിക ശരീരം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കുന്നത്.
ശില്‍പ്പിയും സഹസംവിധായകനുമായ അനിലും ഭാര്യയും ചിത്രകാരിയുമായ അനുപമയും ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളായിരുന്നു. രോഹിത് വെമുലയുടെ സമര സ്മാരക ശില്‍പ്പം ക്യാംപസില്‍ നിര്‍മ്മിച്ചത് സഹപാഠിയായ അനിലായിരുന്നു. ‘അനില്‍ സ്മരണ’ എന്ന പേരില്‍ ഇന്നലെ നടന്ന ഓര്‍മ്മദിനത്തില്‍ രാധിക വെമുലെയായിരുന്നു മുഖ്യാതിഥി.
രാധിക വെമുലയുടെയും അനിലിന്റെ അമ്മ അല്‍ഫോന്‍സ സേവ്യറിന്റെയും സാന്നിധ്യത്തിലായിരുന്നു ശരീരദാന ചടങ്ങ്.
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ കലാപഠനം ആരംഭിച്ച അനില്‍ സേവ്യര്‍ ഹൈദരാബാദില്‍ നിന്ന് ശില്‍പ്പകലയില്‍ എംഎഫ്എ പൂര്‍ത്തിയാക്കിയ ശേഷം എബ്രിഡ് ഷൈനിന്റെ ‘പൂമരം’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തി. സ്വന്തം സിനിമ സംവിധാനം ചെയ്യാനാള്ള ഒരുക്കത്തിലായിരുന്നു അനില്‍. ഇതിനിടെയായിരുന്നു അകാലവിയോഗം.