KeralaNEWS

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതറിയാതെ മുറിക്കുള്ളിലെ ലൈറ്റിട്ടു, വയോധിക തീ പിടിച്ച് മരിച്ചു

   കൊല്ലം: സിലിണ്ടര്‍ ചോര്‍ന്നതറിയാതെ മുറിക്കുള്ളിലെ ലൈറ്റിട്ട മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപുരയഴികം വീട്ടില്‍ എന്‍.രത്‌നമ്മ (74) തീ പിടിച്ചു മരിച്ചു. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.

വീടിന്റെ ഹാളില്‍ ഉറങ്ങുകയായിരുന്ന രത്‌നമ്മ ചായ തയ്യാറാക്കുന്നതിന് അടുക്കള വാതില്‍ തുറന്ന് ലൈറ്റിന്റെ സ്വിച്ചിട്ടപ്പോഴായിരുന്നു അപകടം. ആളിപ്പടര്‍ന്ന തീയില്‍പ്പെട്ടു പോയ ഇവര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ഗുരുതരമായ പൊള്ളലേറ്റു.

Signature-ad

അടുക്കളയില്‍ നിന്ന് ഹാളിലേക്ക് നിലവിളിച്ചു കൊണ്ടോടിയ രത്‌നമ്മ ഉടന്‍ കുഴഞ്ഞു വീണു.
സമീപത്തെ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന മകന്റെ ഭാര്യ ചിത്ര ഓടിയെത്തി വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നാലെ ഓടിയെത്തിയ മകനും ചെറുമക്കളും ചേര്‍ന്ന് രത്‌നമ്മയുടെ ശരീരത്തിലേക്ക് ചാക്ക് നനച്ചിട്ട് തീ കെടുത്തി.

ഉടന്‍ തന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ രാത്രി 12 മണിയോടെ മരിക്കുകയായിരുന്നു. ഭര്‍ത്താവ്: കെ.ബാലകൃഷ്ണന്‍, മക്കള്‍: രാജി, ബാബു ലാല്‍, രജനി. മരുമക്കള്‍: രാജേന്ദ്രന്‍, ചിത്ര, സുനില്‍

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: