CrimeNEWS

പണം കൊടുത്ത് സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചു, 20 കാരിയെ കാറിനുള്ളില്‍ പീഡിപ്പിച്ചു; ദൃശ്യങ്ങളും പകര്‍ത്തി

ന്യൂഡല്‍ഹി: ആഗ്ര-ലക്നൗ എക്സ്പ്രസ്വേയില്‍ യുവതിയെ കാറിനുള്ളില്‍ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് പരാതി. ആഗ്ര സ്വദേശിനിയായ ഇരുപതു വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. ദൃശ്യങ്ങള്‍ ക്യാമറയില്‍ ചിത്രീകരിച്ച ശേഷം യുവതിയെ ഇവര്‍ എക്സ്പ്രസ്വേയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്ന സംഘമാണ് യുവതിയെ പീഡിപ്പിച്ചത്. സമൂഹമാധ്യമത്തില്‍ ഇത് സംബന്ധിച്ച് വന്ന പരസ്യം കണ്ടാണ് യുവതി ഇവരെ ബന്ധപ്പെട്ടത്. മേയ് 10നായിരുന്നു സംഭവം. 30,000 രൂപയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് ഫോണിലൂടെ പരിചയപ്പെട്ട രാകേഷ് കുമാര്‍ എന്ന വ്യക്തി യുവതിയോട് പറഞ്ഞത്.

Signature-ad

15,000 രൂപ ആദ്യഘട്ടത്തില്‍ ഓണ്‍ലൈനായി അയച്ചു നല്‍കി. ബാക്കി തുകയുമായി യുവതിയോട് ആഗ്ര ലക്നൗ എക്‌സ്പ്രസ് വേയില്‍ എത്താനായിരുന്നു നിര്‍ദേശം. രാകേഷ് കുമാറിനൊപ്പം ശ്രീനിവാസ് വര്‍മയെന്ന വ്യക്തിയും ഇവിടെ ഉണ്ടായിരുന്നെന്നു യുവതി പറയുന്നു. കാറില്‍ കയറാന്‍ ആവശ്യപ്പെട്ട ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും ഇവിടെ വച്ച് യുവതിയെ ഇവര്‍ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ഇതിനിടെ ബലാത്സംഗ രംഗം ഇവര്‍ ക്യാമറയില്‍ പകര്‍ത്തുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്‌തെന്നും യുവതി ആരോപിക്കുന്നു. ആക്രമണത്തെക്കുറിച്ച് പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍, ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിയെ എക്സ്പ്രസ്വേയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.

സംഭവം നടന്നയുടന്‍ ന്യൂ ആഗ്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനായി പോയെങ്കിലും, ലക്നൗ പൊലീസിന്റെ അധികാരപരിധിയിലാണ് കുറ്റകൃത്യം നടന്നതെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ചെന്ന് യുവതി ആരോപിച്ചു. പിന്നീട് ലക്നൗവിലേക്ക് പോയ ശേഷം ഏറെ വൈകിയാണ് തന്റെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ എടുത്തതെന്നും യുവതി പറയുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്നാണ് ലക്നൗ പൊലീസ് അറിയിച്ചത്.

Back to top button
error: