IndiaNEWS

കൊല്‍ക്കത്ത ബലാത്സംഗക്കൊല: മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത: ആര്‍.ജി കാര്‍ മെഡി. കോളജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ സര്‍ക്കാറുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി ഡോക്ടര്‍മാര്‍. മുഖ്യമന്ത്രി മമതാ ബാനര്‍ജി വിളിച്ച ചര്‍ച്ചയില്‍ 30 ജൂനിയര്‍ ഡോക്ടര്‍മാര്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ചര്‍ച്ച.

ചര്‍ച്ച തല്‍സമയം സംപ്രേഷണം ചെയ്യണം, ഡിജിപിയെ മാറ്റണം എന്നതുള്‍പ്പെടെയുള്ള ആറ് ആവശ്യങ്ങളും ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ അംഗീകരിച്ചില്ലെങ്കില്‍ ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോകുമെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

Signature-ad

കഴിഞ്ഞ മൂന്നുമാസമായി ഡോക്ടര്‍മാരുമായി സമവായത്തിനു ശ്രമിച്ചുവരികയായിരുന്നു മമത. എന്നാല്‍ ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ടുപോവുകയായിരുന്നു. ഒടുവില്‍ മെഡിക്കല്‍ കോളജിലേക്ക് മമത നേരിട്ടെത്തുകയും തുറന്ന മനസോടെ ചര്‍ച്ചയ്ക്ക് പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഡോക്ടര്‍മാര്‍ വഴങ്ങിയത്.

ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണ അറിയിച്ച് സീനിയര്‍ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചത്. ബലാത്സം?ഗക്കൊലയില്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയാകെ തകിടംമറിയുകയും സര്‍ക്കാരിന് സമ്മര്‍ദം ശക്തമാവുകയും ചെയ്തതോടെയാണ് ചര്‍ച്ചാനീക്കവുമായി മമത രംഗത്തുവന്നത്.

ഡോക്ടറുടെ ബലാത്സംഗക്കൊല രാഷ്ട്രീയ ആയുധമാക്കിയും മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടും ബിജെപി രംഗത്തെത്തിയിരുന്നു. വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ അറസ്റ്റിലായ ആര്‍.ജി കാര്‍ ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിച്ചെന്നും മൃതദേഹം സംസ്‌കരിക്കാന്‍ തിടുക്കം കാട്ടിയെന്നും വ്യക്തമാക്കുന്ന സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

തെളിവ് നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കഴിഞ്ഞദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി സഞ്ജയ് റോയ് അറസ്റ്റിലായി 35 ദിവസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ രണ്ട് അറസ്റ്റുകള്‍ കൂടി ഉണ്ടാകുന്നത്. അതേസമയം, കേസ് സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: