Fiction

പ്രകൃതിനിയമം അതിപ്രധാനം, വ്യക്തിതാല്പര്യങ്ങൾക്ക് അവിടെ പ്രസക്തിയില്ല

വെളിച്ചം

   അയാള്‍ ഒരു മാവിന്‍ ചുവട്ടില്‍ വിശ്രമിക്കാനിരുന്നു. നിറയെ ഫലങ്ങളുള്ള മാവായിരുന്നു അത്. അയാള്‍ ചിന്തിച്ചു:

Signature-ad

‘ഇത്രയും വലിയ മാവില്‍ തീരെ ചെറിയ മാങ്ങകള്‍…! ഇതിലും വലിയ ഫലങ്ങള്‍ താങ്ങാനുള്ള ശേഷി ഈ മാവിനുണ്ട്. ദൈവത്തിന് യാതൊരു യുക്തിബോധവുമില്ല. ഒട്ടും ബലമില്ലാത്ത വള്ളിയില്‍ മത്തങ്ങ പോലുളള വലിയ ഫലങ്ങള്‍. ശരിക്കും മറിച്ചായിരുന്നു വേണ്ടിയിരുന്നത്…’

ഈ ചിന്തകള്‍ക്കിടയിൽ ഒരു മാങ്ങ അയാളുടെ തലയിലേക്ക് വീണു. അതോടെ അയാളുടെ ചിന്തമാറി:

‘ഈ മാങ്ങയ്ക്ക് പകരം മത്തങ്ങായിരുന്നെങ്കില്‍ തന്റെ ഗതി എന്താകുമായിരുന്നു…’

വ്യക്തിതാല്പര്യമല്ല, പ്രകൃതിനിയമം. അവിടെ എല്ലാറ്റിനും അതിന്റേതായ പ്രകൃതവും ഫലവുമുണ്ട്.
വലുതും ചെറുതും മോശവും ഭംഗിയുളളതും ഭംഗിയില്ലാത്തതും എന്നെല്ലാം മനുഷ്യന്റെ സങ്കല്പമാണ്. പ്രകൃതിയില്‍ ഓരോന്നിനും അതിന്റേതായ രൂപവും സ്ഥാനവും കര്‍ത്തവ്യവുമുണ്ട്.

ഒരാള്‍ക്ക് വേണ്ടി മാത്രം ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. ഓരോന്നിനും അതിന്റേതായ നിലനില്‍പ്പും പ്രത്യേകതകളുമുണ്ട്. പരസ്പരാശ്രയത്വം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അത് നടപ്പിലാക്കേണ്ടത് പരസ്പര ബഹുമാനത്തിലൂടെയാണ്.

ഈ ലോകത്ത് എല്ലാറ്റിനും സ്ഥാനമുണ്ട്. ഓരോന്നിനേയും അതിന്റെ താല്പര്യങ്ങളിലൂടെ സഞ്ചരിക്കാനനുവദിച്ചാല്‍ സന്തുലനാവസ്ഥ സംരക്ഷിക്കപ്പെടുമെന്നുമാത്രല്ല, എല്ലാവര്‍ക്കും അവർ അര്‍ഹിക്കുന്ന ജീവിതവും ലഭിക്കും.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: