CrimeNEWS

കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായവില്‍പന: ‘വാറ്റാപ്പി’യും ‘അങ്കിളും’ അകത്ത്

എറണാകുളം: ഓണത്തോടനുബന്ധിച്ച് കാക്കനാട് കേന്ദ്രമാക്കി കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായം വില്പന നടത്തിവന്നവര്‍ എക്‌സൈസിന്റെ പിടിയില്‍. പുക്കാട്ടുപടി സ്വദേശിയും ഇപ്പോള്‍ തേവയ്ക്കല്‍ താമസിക്കുകയും ചെയ്യുന്ന മണലിക്കാട്ടില്‍ വീട്ടില്‍ സന്തോഷ് (അങ്കിള്‍-54), കാക്കനാട് കൊല്ലംകുടിമുകള്‍ സ്വദേശി മണ്ണാരംകുന്നത്ത് വീട്ടില്‍ കിരണ്‍ കുമാര്‍ (വാറ്റാപ്പി-35) എന്നിവരാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ്, എക്‌സൈസ് ഇന്റലിജന്‍സ്, എറണാകുളം എക്‌സൈസ് റെയ്ഞ്ച് എന്നിവരുടെ പിടിയിലായത്.

ഇവരുടെ വാഹനങ്ങളില്‍നിന്നും വാടകവീട്ടില്‍ നിന്നുമായി ആകെ 20 ലിറ്റര്‍ ചാരായം കണ്ടെത്തി. കൂടാതെ ചാരായം നിര്‍മിക്കാന്‍ പാകമാക്കി വെച്ചിരുന്ന 950 ലിറ്റര്‍ വാഷ്, ചാരായ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വാറ്റുപകരണങ്ങള്‍, അഞ്ച് ഗ്യാസ് കുറ്റി, 30 ലിറ്ററിന്റെ നാലു പ്രഷര്‍ കുക്കറുകള്‍, ചാരായം നിറയ്ക്കുന്നതിന് വേണ്ടി സൂക്ഷിച്ചുവെച്ചിരുന്ന അര ലിറ്റര്‍ കൊള്ളുന്ന 700 കാലി പ്ലാസ്റ്റിക് കുപ്പികള്‍, ചാരായം നിറച്ച കുപ്പികള്‍, സീല്‍ ചെയ്യുന്നതിനുള്ള ഉപകരണം എന്നിവയും ഇവരുടെ വാടകവീട്ടില്‍നിന്ന് കണ്ടെടുത്തു.

Signature-ad

ചാരായ വില്പന നടത്താന്‍ ഉപയോഗിച്ചിരുന്ന ഇവരുടെ ഓട്ടോറിക്ഷ, നാനോ കാര്‍, രണ്ട് സ്മാര്‍ട്ട് ഫോണ്‍ എന്നിവയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കാക്കനാടിന് സമീപം തേവയ്ക്കല്‍ എന്ന സ്ഥലത്ത് രണ്ടുനില വീട് വാടകയ്ക്ക് എടുത്ത് നാടന്‍ കുലുക്കി സര്‍ബത്ത് ഉണ്ടാക്കുന്നു എന്ന വ്യാജേന ആണ് വ്യാവസായിക അടിസ്ഥാനത്തില്‍ ചാരായം വാറ്റിയിരുന്നത്.

വാറ്റ് ചാരായത്തിന്റെ മണം പുറത്തുവരാതിരിക്കാന്‍ സുഗന്ധവ്യഞ്ജന വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഓര്‍ഡര്‍ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ഇവര്‍ ചാരായം വാറ്റാറുള്ളു. ചാരായ നിര്‍മാണത്തിനുവേണ്ടി വീട് വാടകയ്ക്ക് എടുത്തിരുന്നതും ഇതിനുവേണ്ടി പണം മുടക്കിയിരുന്നതും സന്തോഷാണ്. ആവശ്യക്കാരെ കണ്ടെത്തി ഓര്‍ഡര്‍ എടുത്തിരുന്നത് കിരണ്‍ ആണ്. വാറ്റ് സ്‌പെഷ്യലിസ്റ്റ് എന്ന് അറിയപ്പെടുന്ന മട്ടാഞ്ചേരി പുല്ലുപാലം സ്വദേശി കുന്നത്തുപാറ വീട്ടില്‍ ലൈബിന്‍ എന്ന ആളാണ് തേവയ്ക്കല്‍ ഉള്ള വാടകവീട്ടില്‍ എത്തി ഓര്‍ഡര്‍ പ്രകാരം ചാരായം വാറ്റി നല്‍കിയിരുന്നതെന്ന് ഇരുവരും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

ലൈബിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. ഒരാഴ്ചയ്ക്ക് മുന്‍പ് അങ്ങാടിമരുന്നിന്റെ മറവില്‍ വ്യാജ മദ്യം വിറ്റിരുന്ന ഒരു വനിതയടക്കം മൂന്നുപേരെ 77 കുപ്പി വ്യാജമദ്യവുമായി എക്‌സൈസ് സംഘം കാക്കനാട് ഇടച്ചിറയില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരുടെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായം വില്പന നടത്തുന്ന വാറ്റാപ്പി, അങ്കിള്‍ എന്നിവരെക്കുറിച്ചുള്ള സൂചന സ്റ്റേറ്റ് എക്‌സൈസ് ടീമിന് ലഭിക്കുന്നത്. തൃക്കാക്കര ഭാരത് മാതാ കോളേജിന് എതിര്‍വശം ആവശ്യക്കാരെ കാത്തുകിടക്കുകയായിരുന്ന വാറ്റാപ്പി എന്ന കിരണിന്റെ ഓട്ടോറിക്ഷ എക്‌സൈസ് സംഘം കണ്ടെത്തുകയും എക്‌സൈസ് സാന്നിധ്യം തിരിച്ചറിഞ്ഞ കിരണ്‍ ഓട്ടോ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും എക്‌സൈസ് സംഘം പിടികൂടി.

അതിനിടെ തൊട്ടടുത്തായി പാര്‍ക്ക് ചെയ്തിരുന്ന നാനോ കാര്‍ സന്തോഷ് അതിവേഗം ഓടിച്ചുപോകാന്‍ ശ്രമിച്ചെങ്കിലും വാഹനം ഗതാഗത കുരുക്കില്‍ അകപ്പെട്ടു.

ഇരുവരുടെയും വാഹനം പരിശോധിച്ചതില്‍ സന്തോഷിന്റെ കാറില്‍നിന്ന് അഞ്ചും കിരണിന്റെ ഓട്ടോയില്‍നിന്ന് എട്ടും കുപ്പികളിലായി വാറ്റുചാരായം എക്‌സൈസ് കണ്ടെടുത്തു. വീടിനകത്തും പുറത്തുമായി മൂന്ന് വിദേശ ഇനം നായകളെ അഴിച്ചുവിട്ടിരുന്നതിനാല്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്‌സൈസ് സംഘത്തിന് വീട് പരിശോധന നടത്താന്‍ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: