ബംഗളൂരു: ഇലക്ട്രോണിക് സിറ്റിക്കു സമീപത്തെ ഫാംഹൗസിലെ പാര്‍ട്ടിയില്‍ ലഹരിമരുന്നു പിടിച്ച കേസില്‍ തെലുങ്കുനടി ഹേമ (കൃഷ്ണവേണി) ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 82 സാക്ഷികളാണുള്ളത്. രാസ ലഹരിമരുന്ന് ഉപയോഗിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഹേമയെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.
മേയ് 19ന് സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസില്‍ നടന്ന റെയ്ഡില്‍ രാസലഹരി ഗുളികകളും (എംഡിഎംഎ), കൊക്കെയ്‌നും പിടിച്ചെടുത്തിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത 103 പേരുടെ മൂത്ര സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് നടിമാരായ ഹേമ, ആഷി റോയ് എന്നിവര്‍ ഉള്‍പ്പെടെ 86 പേര്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇവരെ കൂടാതെ മോഡലുകളും ഐടി ജീവനക്കാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.