KeralaNEWS

അമ്പുക്ക വീണ്ടും തിരുവനന്തപുരത്ത്; ഡിജിപിയെ കണ്ട് ശശിക്കെതിരെ പരാതി കൊടുക്കും?

തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരെ നിരന്തരം ആരോപണശരങ്ങള്‍ തൊടുത്തുവിട്ടുകൊണ്ടിരിക്കുന്ന ഭരണപക്ഷ എംഎല്‍എ പി.വി.അന്‍വര്‍ വീണ്ടും തിരുവനന്തപുരത്ത് എത്തി. എഡിജിപി വിഷയത്തില്‍ അന്‍വര്‍ ഇന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ കണ്ടേക്കുമെന്നാണു സൂചന. പി.ശശിക്കെതിരെ പരാതി കൊടുക്കാനും സാധ്യതയുണ്ട്.

മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും അന്‍വര്‍ ആദ്യം കൊടുത്ത പരാതിയില്‍ പി.ശശിയുടെ പേര് ഉണ്ടായിരുന്നില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇക്കാര്യം പറഞ്ഞതിനുശേഷമാണ് പി.വി.അന്‍വറും ഇതു സ്ഥിരീകരിച്ചത്. ഇന്നത്തെ വരവില്‍ പി.ശശിയുടെ പേര് ഉള്‍പ്പെടുത്തി പരാതി കൊടുക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മലപ്പുറം പൊലീസില്‍ കൂട്ട സ്ഥാനചലനം നടപ്പാക്കിയെങ്കിലും താന്‍ പ്രധാനമായും ആരോപണം ഉന്നയിച്ച എഡിജിപിയെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റാത്തതില്‍ അന്‍വറിനു കടുത്ത അമര്‍ഷമുണ്ട്.

Signature-ad

അന്‍വര്‍ നിരന്തരം പത്രസമ്മേളനം നടത്തി ആരോപണം ഉന്നയിക്കുന്നതിനെ ഇന്നലെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടും ഈ സമീപനം തുടരുന്നതു ശരിയാണോ എന്ന് അന്‍വര്‍ ചിന്തിക്കണമെന്ന് ടി.പി.രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട് പിന്നോട്ടില്ലെന്ന കടുത്ത സൂചനയാണ് അന്‍വര്‍ നല്‍കിയത്.

നീതി കിട്ടിയില്ലെങ്കില്‍ അതു കിട്ടുംവരെ പോരാടുമെന്നും അതിന് ഇനി ദിവസക്കണക്കൊക്കെ റെക്കോര്‍ഡ് ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല എന്നും അന്‍വര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ”എനിക്കു വേണ്ടിയല്ല, നമ്മള്‍ ഓരോരുത്തവര്‍ക്കും വേണ്ടിയാണ് സഖാക്കളെ ഈ പോരാട്ടം” എന്നാണ് അന്‍വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

Back to top button
error: