NEWSSocial Media

ചടയന്റെ മകന്‍ ഹോട്ടലില്‍ ചായ അടിക്കുകയല്ല; പോരാളി ഷാജി പറയുന്നതില്‍ പാതി പതിര്!

കണ്ണൂര്‍: ‘സിപിഎം സംസ്ഥാന സെക്രട്ടറിയും അഴീക്കോട് എംഎല്‍എയുമായിരുന്ന ചടയന്‍ ഗോവിന്ദന്റെ ഇളയ മകന്‍ സുഭാഷ് കണ്ണൂര്‍ കമ്പില്‍ ടൗണില്‍ ഹോട്ടല്‍ നടത്തുകയാണ്’! ചടയന്‍ ഗോവിന്ദന്റെ 26 മത് ചരമദിനമായ ഇന്നലെ പോരാളി ഷാജിയും റെഡ് ആര്‍മിയും അടക്കമുള്ള ഇടതു സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്ന വാര്‍ത്തയാണിത്.

ദേശാഭിമാനിയുടെ കണ്ണൂര്‍ എഡിഷന്‍ ആരംഭിച്ച സമയത്ത് സുഭാഷിന് ഇവിടെ ജോലി നല്‍കിയിരുന്നുവെന്നും ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉണ്ടായതോടെ മകനോട് ജോലി മതിയാക്കാന്‍ ചടയന്‍ ആവശ്യപ്പെട്ടു, പിന്നാലെ സുഭാഷ് കമ്പില്‍ ടൗണില്‍ ഹോട്ടല്‍ ആരംഭിച്ചു എന്നായിരുന്നു പ്രചാരണം. സുഭാഷ് ചായ അടിക്കുന്ന ഒരു ചിത്രവും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് ഇടതുസൈബര്‍ ഇടങ്ങളിലെ ഈ പ്രചാരണം.

Signature-ad

സുഭാഷ് ഇപ്പോള്‍ ഹോട്ടലില്‍ ചായ അടിക്കുകയാണോ…?

പ്രചരിക്കുന്ന വാര്‍ത്തകളില്‍ പാതി മാത്രമാണ് സത്യമെന്ന് സുഭാഷ് പറയുന്നു. ദേശാഭിമാനിയില്‍ മകന് ജോലി നല്‍കിയതില്‍ ചടയന് വ്യക്തിപരമായി വിയോജിപ്പുണ്ടായിരുന്നു. ഇതോടെ ആറുമാസത്തിനുശേഷം സുഭാഷ് ദേശാഭിമാനിയിലെ ജോലി വിട്ടു. ശേഷം ഏറെക്കാലം ഗള്‍ഫില്‍ പ്രവാസി ജീവിതം. പിന്നീട് ചെന്നൈയില്‍ ട്രാവല്‍ ഏജന്‍സിയില്‍ ആയിരുന്നു ജോലി. കോവിഡ് കാലത്ത് ട്രാവല്‍ ഏജന്‍സി പൂട്ടിയതോടെയാണ് നാട്ടിലെത്തിയത്.

സുഹൃത്ത് സന്തോഷുമായി ചേര്‍ന്ന് ടൗണില്‍ ഹോട്ടല്‍ ആരംഭിച്ചു. ഈ സമയത്ത് ആരോ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നത്. കോവിഡ് കാലം കഴിഞ്ഞതോടെ ഹോട്ടല്‍ ബിസിനസ് അവസാനിപ്പിച്ച് സുഭാഷ് ചെന്നൈയിലേക്ക് മടങ്ങി. നിലവില്‍ ചെന്നൈ അമ്പത്തൂരിലെ സൈബര്‍ പാര്‍ക്കിലുള്ള ഫുഡ് കോര്‍ട്ടില്‍ സൂപ്പര്‍വൈസറാണ്. പഴയ ചിത്രം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ചില നിക്ഷിപ്ത താല്പര്യക്കാര്‍ ആണെന്ന് സുഭാഷ് പറയുന്നു. താന്‍ ഇപ്പോഴും അടിയുറച്ച സിപിഎം പ്രവര്‍ത്തകനാണ്. ഏതെങ്കിലും നേതാക്കളെ കരിവാരിത്തേക്കാന്‍ തന്റെ ചിത്രം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലന്നും സുഭാഷ് മാധ്യമങ്ങളോടു പറഞ്ഞു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: