CrimeNEWS

‘വീരപ്പന്‍’ പാസ്റ്റര്‍ ഒളിച്ചത് ബങ്കറില്‍; 75 ഏക്കറുള്ള ആസ്ഥാനം വളഞ്ഞ് 2000 പോലീസുകാര്‍, രണ്ടാഴ്ചയ്‌ക്കൊടുവില്‍ അറസ്റ്റ്

മനില: ഫിലിപ്പീന്‍സിലെ പ്രമുഖ പാസ്റ്ററും ‘കിങ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്’ സ്ഥാപകനുമായ അപ്പോളോ ക്വിബ്ളോയി(74)യെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയിലേറെ നീണ്ട പോലീസ് നീക്കത്തിനൊടുവില്‍ ഞായറാഴ്ചയാണ് ദാവോയില്‍നിന്ന് അപ്പോളോ പിടിയിലായത്. അതേസമയം, 75 ഏക്കറോളംവരുന്ന ചര്‍ച്ച് ആസ്ഥാനം പോലീസ് വളഞ്ഞതിന് പിന്നാലെ ഇയാള്‍ കീഴടങ്ങിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്തതിനും മനുഷ്യക്കടത്തും ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് അപ്പോളോ ക്വിബ്ളോയി. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ(എഫ്.ബി.ഐ) ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയില്‍ ഉള്‍പ്പെട്ട ക്രിമിനലുമാണ് ഇയാള്‍. അപ്പോളോയ്ക്കെതിരേ ലൈംഗിക കുറ്റകൃത്യങ്ങളും മനുഷ്യക്കടത്ത് കുറ്റവുമാണ് യു.എസില്‍ ചുമത്തിയിട്ടുള്ളത്. 12 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയെന്നും ഇവരെ ലൈംഗികമായി ചൂഷണംചെയ്തെന്നുമാണ് കേസ്. തന്റെ ‘പേഴ്സണല്‍ അസിസ്റ്റന്റ്’ ആയാണ് പെണ്‍കുട്ടികളെ ഇയാള്‍ ഒപ്പംകൂട്ടിയിരുന്നത്. എന്നാല്‍, ക്വിബ്ളോയിക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഇവരെ നിര്‍ബന്ധിച്ചിരുന്നതായാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ ഒട്ടേറെ പെണ്‍കുട്ടികളെ പാസ്റ്റര്‍ ചൂഷണംചെയ്തതായാണ് റിപ്പോര്‍ട്ട്.

Signature-ad

ലൈംഗികകുറ്റകൃത്യങ്ങള്‍ക്ക് പുറമേ തന്റെ സഭാംഗങ്ങളെ കൃത്രിമമായി സംഘടിപ്പിച്ച വിസയില്‍ അമേരിക്കയിലേക്ക് കൊണ്ടുവന്നതിനും അപ്പോളോയ്ക്കെതിരേ കേസുണ്ട്. ചാരിറ്റിയുടെ പേരില്‍ പണപ്പിരിവ് നടത്താനും സഭാംഗങ്ങളെ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നു. ചാരിറ്റിയുടെ പേരില്‍ പിരിച്ചെടുക്കുന്ന പണം സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സഭാ നേതാക്കളുടെ ആഡംബരജീവിതത്തിനും വേണ്ടിയാണ് വിനിയോഗിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഫിലിപ്പീന്‍സില്‍ വന്‍ ജനപിന്തുണയുള്ള പാസ്റ്ററാണ് അപ്പോളോ ക്വിബ്ളോയി. നിയുക്ത ദൈവപുത്രനാണെന്നും പ്രപഞ്ചത്തിന്റെ അധിപനാണെന്നുമാണ് ഇയാള്‍ സ്വയം അവകാശപ്പെട്ടിരുന്നത്. ഫിലിപ്പീന്‍സിലെ ദാവോയിലെ 75 ഏക്കറോളം വരുന്ന സഭാ ആസ്ഥാനത്തായിരുന്നു പാസ്റ്റര്‍ താമസിച്ചിരുന്നത്. കോടതി ഉത്തരവനുസരിച്ച് പോലീസ് അറസ്റ്റിന് നീക്കംതുടങ്ങിയതോടെ ഇയാള്‍ ബങ്കറിനുള്ളില്‍ ഒളിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഏകദേശം രണ്ടായിരത്തോളം പോലീസുകാരെയാണ് അപ്പോളോയെ അറസ്റ്റ് ചെയ്യാനുള്ള ദൗത്യത്തിനായി ഫിലിപ്പീന്‍സില്‍ നിയോഗിച്ചിരുന്നത്. രണ്ടാഴ്ചയിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ദാവോയില്‍നിന്ന് ഇയാള്‍ പിടിയിലായത്. അപ്പോളോയെ സംരക്ഷിക്കാനായി അദ്ദേഹത്തിന്റെ സഭാംഗങ്ങളും അനുയായികളും രംഗത്തിറങ്ങിയതായാണ് പോലീസിന് വെല്ലുവിളിയായത്. അറസ്റ്റ് തടയാനായി സഭാ ആസ്ഥാനത്തേക്ക് പ്രവേശിക്കാനുള്ള വഴികളെല്ലാം അനുയായികള്‍ തടസ്സപ്പെടുത്തി. ഇതോടെ ഹെലികോപ്റ്റര്‍ നിരീക്ഷണം ഉള്‍പ്പെടെ പോലീസ് ഏര്‍പ്പാടാക്കി. തുടര്‍ന്ന് ഏറെ സാഹസികമായാണ് പോലീസ് പാസ്റ്ററെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

മുന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദത്തേര്‍ത്തെയുടെ അടുത്ത കൂട്ടാളിയാണ് അപ്പോളോ ക്വിബ്ളോയി. അതേസമയം, നിലവില്‍ ഇയാളെ അമേരിക്കയ്ക്ക് കൈമാറില്ലെന്നാണ് റിപ്പോര്‍ട്ട്. അപ്പോളോയ്ക്കെതിരേ ഫിലിപ്പീന്‍സില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും നിലവില്‍ കുറ്റവാളിയെ കൈമാറുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: