തിരുവനന്തപുരം: ബസില്‍ പ്ലസ്ടു വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ബസ് കണ്ടക്ടര്‍ക്ക് നാലുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും. പ്രതിയായ സന്തോഷ്‌കുമാറി(43)നെ തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍.രേഖയാണ് ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
2022 ഡിസംബര്‍ എട്ടിന് രാവിലെ കുട്ടി വീട്ടില്‍നിന്ന് ബസ്സില്‍ കയറി സ്‌കൂളില്‍ പോകവെ ആണ് കേസിനാസ്പദമായ സംഭവം. ബസ്സില്‍ കയറിയത് മുതല്‍ കുട്ടിയെ പ്രതി ശല്യപ്പെടുത്തിയിരുന്നു. സ്‌കൂളിലെ സ്റ്റോപ്പില്‍ ഇറങ്ങുന്ന സമയം കുട്ടിയുടെ അടുത്ത് വന്ന പ്രതി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു.
ഭയന്ന കുട്ടി ബസ്സില്‍നിന്ന് ചാടി ഇറങ്ങി സ്‌കൂളിലേക്ക് ഓടിപ്പോയശേഷം കൂട്ടുകാരികളോട് വിവരം പറഞ്ഞു. തുടര്‍ന്ന് കുട്ടിയും കൂട്ടുകാരികളും ചേര്‍ന്ന് സംഭവം പ്രിന്‍സിപ്പലിനെ അറിയിച്ചു. പ്രിന്‍സിപ്പല്‍ ഉടന്‍ പോലീസിന് വിവരം നല്‍കി. ബസ് തടഞ്ഞുനിര്‍ത്തിയാണ് പോലീസ് പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുത്തത്.