Fiction

കോപം നിയന്ത്രിക്കാൻ ‘അത്ഭുത’ ഔഷധം…! സമാധാനത്തിന്റെ രണ്ട് മിനിറ്റ്

വെളിച്ചം

  അവള്‍ സ്വന്തം സ്വഭാവത്തെക്കുറിച്ച് ഒരു പരാതിയുമായാണ് ഗുരുവിനെ കാണാനെത്തിയത്. പെട്ടെന്നുള്ള ദേഷ്യം… അതാണ് പ്രശ്‌നം. ഗുരു അവള്‍ക്ക് കുപ്പിയില്‍ ഒരു ഔഷധം കൊടുത്തു:

Signature-ad

“ദേഷ്യം വരുമ്പോള്‍ ഈ മരുന്നു കുടിക്കുക. പക്ഷേ, രണ്ടുമിനിറ്റ് വായില്‍ വെച്ചതിന് ശേഷമേ ഇറക്കാവൂ.. എന്നാലേ അതിന്റെ പൂര്‍ണ്ണമായ ഫലം ലഭിക്കൂ. രണ്ടാഴ്ച ഇത് തുടരണം.”

പിന്നീട് ഒരുമാസത്തിന് ശേഷം ഗുരുവിനടുത്തെത്തിയ അവള്‍ പറഞ്ഞു:
“മരുന്ന് നന്നായി ഫലിച്ചു. എന്തൊരു അത്ഭുതമരുന്നാണത്. എന്റെ ശീലം തന്നെ മാറി.”

ഗുരു പുഞ്ചിരിച്ചു. അന്ന് രാത്രി ശിഷ്യന്‍ ഗുരുവിനോട് ആ അത്ഭുത മരുന്നിനെപറ്റി ചോദിച്ചു. ഗുരു പറഞ്ഞു:

“അത് വെറും വെള്ളമായിരുന്നു. കോപം വരുമ്പോള്‍ രണ്ടുമിനിറ്റ് മിണ്ടാതിരുന്നാല്‍ ആ കോപം തനിയെ ശമിക്കും. ആ സമയത്ത് സ്വയം നിയന്ത്രിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും.
സമാധാനത്തിന്റെ രണ്ടുമിനിറ്റ് ഒരു മാര്‍ഗ്ഗമാണ്. അരുതാത്തത് സംഭവിക്കാതിരിക്കാനും അത്യാവശ്യമായത് സംഭവിക്കാനും…”

പ്രതികരണങ്ങളെ ഉള്ളില്‍ നിന്നുതന്നെ മയപ്പെടുത്താന്‍ പഠിക്കണം.. വികാരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നവരുണ്ട്.. വിചാരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നവരുമുണ്ട്. വിചാരങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ നമുക്ക് ശീലിക്കാം.. സമാധാനത്തിന്റെ രണ്ട് മിനിറ്റ് സമയം നമുക്കും പരിശീലിക്കാം.

സന്തോഷവും സമാധാനവും നിറഞ്ഞ ദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: