KeralaNEWS

മുകേഷിനെതിരേ ജില്ലാ സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശം; പരാതികള്‍ പാര്‍ട്ടി സമ്മേളനങ്ങളിലും ചര്‍ച്ചയായേക്കും

കൊല്ലം: എം. മുകേഷ് എം.എല്‍.എയ്‌ക്കെതിരേ ഉണ്ടായ പരാതിയും ആരോപണവും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ എം.എല്‍.എയ്‌ക്കെതിരായ ആരോപണം ദോഷംചെയ്യുമെന്ന് അംഗങ്ങള്‍ പറഞ്ഞു. മുകേഷിനെതിരേ അംഗങ്ങള്‍ രൂക്ഷമായി പ്രതികരിച്ചതായാണ് വിവരം.

കൊല്ലത്ത് പ്രതിപക്ഷസംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ പാര്‍ട്ടിക്ക് ദോഷമാകുമെന്നും അഭിപ്രായമുണ്ടായി. അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച സര്‍ക്കാര്‍തീരുമാനം ഉചിതമായെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. പരാതി അതിഗൗരവത്തോടെ അന്വേഷിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

Signature-ad

കൊല്ലത്തെ സംഭവങ്ങള്‍ സംസ്ഥാനനേതൃത്വത്തെ അറിയിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ആരോപണത്തിന്റെപേരില്‍ അദ്ദേഹം രാജിവെക്കേണ്ട ആവശ്യമില്ലെന്ന സംസ്ഥാനനേതൃത്വത്തിന്റെ നിലപാടിനൊപ്പമാണ് ജില്ലാനേതൃത്വവും. എം.എല്‍.എ. എന്നനിലയില്‍ മുകേഷ് ആരോപണമൊന്നും നേരിടുന്നില്ല. സിനിമാതാരം എന്നനിലയിലുള്ള ആരോപണത്തിന്റെപേരില്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാര്‍ട്ടി. ഇത്തരം ആരോപണങ്ങളുടെപേരില്‍ പ്രതിപക്ഷ എം.എല്‍.എമാരൊന്നും രാജിവെച്ചിട്ടില്ല.

ആരോപണങ്ങളുടെപേരില്‍ മന്ത്രിസ്ഥാനം രാജിവെക്കുന്നവരെ തെറ്റുകാരല്ലെന്നുകണ്ടാല്‍ തിരികെക്കൊണ്ടുവരാനാകും. എന്നാല്‍, എം.എല്‍.എ. സ്ഥാനം രാജിവെച്ചാല്‍ പാര്‍ട്ടി തീരുമാനിച്ച് മാത്രം തിരികെക്കൊണ്ടുവരാനാവില്ല. ആരോപണങ്ങളില്‍ അന്വേഷണം തുടങ്ങുംമുന്‍പേ രാജിയാവശ്യം അംഗീകരിക്കേണ്ടെന്നാണ് നിലപാട്.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാതാരം കൂടിയായ സി.പി.എം. എം.എല്‍.എ. എം.മുകേഷിനെതിരേ ഉയര്‍ന്ന പരാതികള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുകേഷിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ പാര്‍ട്ടി ജില്ലാ കമ്മിറ്റിമുതല്‍ ലോക്കല്‍ കമ്മിറ്റിവരെ വിമര്‍ശനം നേരിട്ടിരുന്നു.

പാര്‍ട്ടി എം.എല്‍.എ.തന്നെ ആരോപണവിധേയനായതില്‍ സമ്മേളന പ്രതിനിധികള്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കാനാണ് സാധ്യത. ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ഈ ആശങ്ക പങ്കുവെച്ചിരുന്നു. 2016-ല്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ മത്സരിപ്പിച്ചപ്പോള്‍മുതല്‍ മുകേഷിനോട് പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: