KeralaNEWS

‘പ്രതികരിക്കാന്‍ സൗകര്യമില്ല’; മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി സുരേഷ് ഗോപി

തൃശൂര്‍: മുകേഷ് വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റുകയും ചെയ്തു. മുകേഷ് രാജിവയ്ക്കണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരയാണ് സുരേഷ് ഗോപി തള്ളി മാറ്റിയത്.

‘എന്റെ വഴി എന്റെ അവകാശമാണ്’. എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം ക്ഷുഭിതനായി കാറില്‍ കയറിപ്പോകുയും ചെയ്തു. രാവിലെ സുരേഷ് ഗോപി മാധ്യമങ്ങള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.

Signature-ad

‘ഇത് നിങ്ങളുടെ തീറ്റയാണ്. നിങ്ങള്‍ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങള്‍ തകിടം മറിക്കുകയാണ്. ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങള്‍. മാധ്യമങ്ങള്‍ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്.’

കോടതിക്ക് ബുദ്ധിയും യുക്തിയും ഉണ്ട്. വിഷയത്തില്‍ കോടതി ഉചിതമായ തീരുമാനം എടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഉയര്‍ന്നുവന്ന പരാതികളെല്ലാം ആരോപണത്തിന്റെ രൂപത്തിലാണെന്ന് ചൂണ്ടിക്കാണിച്ച സുരേഷ് ഗോപി മാധ്യമങ്ങളാണോ കോടതിയെന്നും ചോദിക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടിയുടെ നിലപാട് പറയേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും സുരേഷ് ഗോപിയല്ലെന്നുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. മുകേഷ് രാജിവയ്ക്കണമെന്നു തന്നെയാണ് ബിജെപിയുടെ നിലപാട്. കൊല്ലത്തും തിരുവനന്തപുരത്തും ഇതാവശ്യപ്പെട്ട് ബിജെപി സമരം നടത്തി. അതില്‍ നിന്ന് ബിജെപി പിന്നോട്ടില്ല. നിയമസഭാ സാമാജികനായി തുടരാന്‍ മുകേഷിന് യോഗ്യതയില്ലെന്നാണ് ബിജെപിയുടെ നിലപാട്. മുകേഷ് രാജിവച്ച് പോകണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ചലച്ചിത്ര നടന്‍, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം ഉണ്ടായിരിക്കാം. പക്ഷേ പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ നിലപാടുണ്ട്. മൂര്‍ത്തമായ രാഷ്ട്രീയ പ്രശ്നമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. വിഷയത്തില്‍ പാര്‍ട്ടി നിലപാട് മുകേഷ് രാജിവയ്ക്കണമെന്ന് തന്നെയാണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. രഞ്ജിത്തും സിദ്ദിഖും രാജിവച്ചിട്ടുണ്ടെങ്കില്‍ നിയമസഭാ സാമാജികനായ മുകേഷും പുറത്ത് പോകണം. സ്ത്രീ പീഡനത്തിന്റെ അപ്പോസ്തോലനായ മുകേഷിനെ ഉള്‍പ്പെടുത്തി കോണ്‍ക്ളേവ് നടത്താനുള്ള നീക്കം സമ്മതിക്കില്ലെന്നും സുരേന്ദ്രന്‍ അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: