അടൂര്‍ഭാസി അട്ട കടിക്കുന്നത് പോലെ വേദനിപ്പിച്ചു! കീഴ്‌പ്പെട്ട് ജീവിച്ചാല്‍ ആകാശത്തിലൂടെ പറത്തും… അന്ന് രക്ഷകനായത് ബഹദൂര്‍, കെപിഎസി ലളിതയുടെ തുറന്നുപറച്ചില്‍
അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന അഭിനയജീവിതം അവസാനിപ്പിച്ച് കെപിഎസി ലളിത വിടവാങ്ങിയതിനു പിന്നാലെ അവരുടെ വെളിപ്പെടുത്തലുകളും വാര്‍ത്തയായിരുന്നു. തന്റെ ജീവിതത്തിലെ സുപ്രധാന അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞുള്ള കെപിഎസി ലളിതയുടെ അഭിമുഖങ്ങളും വീണ്ടും ശ്രദ്ധേയമാവുന്നുണ്ട്. എന്റെ ജീവിതത്തില്‍ അട്ട കടിക്കും പോലെ വേദനിപ്പിച്ചയാളാണ് അടൂര്‍ ഭാസിയെന്നായിരുന്നു ജെബി ജംഗ്ക്ഷന്‍ പരിപാടിയില്‍ കെപിഎസി ലളിത തുറന്നുപറഞ്ഞത്.
അടൂര്‍ ഭാസിയെക്കുറിച്ച്
ഇതുപോലൊരു കലാകാരന്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് ഞാന്‍ പറയും. ഇന്നുള്ള എല്ലാവരും ഇദ്ദേഹത്തിന്റെ പിറകിലാണെന്നേ ഞാന്‍ പറയുകയുള്ളൂ. പക്ഷേ, അതേ പോലെ ഒട്ടും അടുപ്പിക്കാന്‍ കൊള്ളില്ലാത്തയാള്‍ കൂടിയാണ് അടൂര്‍ ഭാസി. അത്രയും അനുഭവിച്ചിട്ടുണ്ട്. അട്ട കടിക്കുന്നത് പോലെ വിഷമിപ്പിച്ചിട്ടുള്ളയാളാണ്. അദ്ദേഹത്തിന് വഴിപ്പെട്ട് ജീവിക്കുകയായിരുന്നുവെങ്കില്‍ എന്നെ ആകാശത്തോളം പറത്തിയേനെ. അത് വേണ്ടെന്ന് പറയുകയായിരുന്നു ഞാന്‍ ചെയ്തത് എന്നുമായിരുന്നു കെപിഎസി ലളിത പറഞ്ഞത്.
പാരയായിരുന്നു
ഷോട്ടിലൊക്കെ അദ്ദേഹം ഓരോന്ന് കാണിക്കും. ഇത് കണ്ട് നമ്മള്‍ ചിരിക്കും. നമ്മള്‍ ചിരിക്കുന്നത് കാണുമ്പോള്‍ അദ്ദേഹത്തിന് ദേഷ്യം വരും . അതിന് വഴക്ക് പറയും. റിഹേഴ്സലില്‍ ഇല്ലാത്ത രംഗം ടേക്കില്‍ കണ്ടാല്‍ ചിരിവരും. ഇപ്പോഴും അതങ്ങനെയാണ്. പല സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കിയതിന് പിന്നില്‍ അദ്ദേഹമാണ്. എനിക്ക് നന്നായി പാര പണിതിട്ടുണ്ട് അദ്ദേഹം. ഭരതേട്ടന്‍ ഇതേക്കുറിച്ചൊന്നും ശ്രദ്ധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമകളിലും അടൂര്‍ ഭാസി അഭിനയിച്ചിരുന്നു.
കാണാന്‍ പോയപ്പോള്‍
അടൂര്‍ ഭാസി വയ്യാതെ കിടക്കുകയാണെന്നറിഞ്ഞപ്പോള്‍ കെപിഎസി ലളിത കാണാന്‍ പോയിരുന്നു. അതേക്കുറിച്ചും അഭിമുഖത്തില്‍ അവര്‍ സൂചിപ്പിച്ചിരുന്നു. അവസാന സമയത്തും അദ്ദേഹത്തിന്റെ മനസ്സില്‍ കാലുഷ്യമുണ്ടായിരുന്നു. എന്തിനാ വന്നതെന്ന് ചോദിച്ചപ്പോള്‍ വെറുതെ വന്നതാണെന്ന മറുപടിയാണ് കൊടുത്തത് എന്നായിരുന്നു കെപിഎസി ലളിത പറഞ്ഞത്.
ജഗതി ശ്രീകുമാറിനൊപ്പം
ജഗതി ശ്രീകുമാറിന്റെ കുറവ് മലയാള സിനിമയില്‍ അറിയാനുണ്ട്. അതുപോലെയായിരുന്നു ഞാനും വേണുവും. നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. അതുകൊണ്ടാണ് മിന്നാമിനുങ്ങിന് നുറുങ്ങുവെട്ടത്തില്‍ എന്നെ ഇടാതിരുന്നത്. ഇത് കഴിഞ്ഞയുടനെയായിരുന്നു അത്. രണ്ടും ഒരുപോലെയായിരിക്കുമെന്നായിരുന്നു പറഞ്ഞത്. ശാരദ ചേച്ചിയായിരുന്നു മിന്നാമിനുങ്ങളില്‍ അഭിനയിച്ചത് എന്നുമായിരുന്നു അന്ന് കെപിഎസി ലളിത പറഞ്ഞത്.
ബഹളമുണ്ടാക്കിയത്
മുന്‍പൊരിക്കല്‍ അടൂര്‍ ഭാസി മദ്യപിച്ച് തന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെക്കുറിച്ചും കെപിഎസി ലളിത തുറന്നുപറഞ്ഞിരുന്നു. വീട്ടിലിരുന്നും മദ്യപിച്ച അദ്ദേഹം എല്ലാവരേയും ചീത്ത പറയുകയും ചെയ്തിരുന്നു. പുലര്‍ച്ച വരെ ഇത് തുടര്‍ന്നപ്പോള്‍ ബഹദൂര്‍ക്കയുടെ വീട്ടില്‍ ചെന്ന് കരഞ്ഞ് പറഞ്ഞിരുന്നുവെന്നും, അദ്ദേഹം വന്ന് ഭാസിയെ കൂട്ടിക്കൊണ്ട് പോവുകയുമാണ് ചെയ്തതെന്നായിരുന്നു കെപിഎസി ലളിത പറഞ്ഞത്.
പരാതി നല്‍കാന്‍
ചലച്ചിത്ര പരിഷത്തില്‍ അടൂര്‍ ഭാസിക്കെതിരെ പരാതി നല്‍കാനും കെപിഎസി ലളിത അന്ന് ശ്രമിച്ചിരുന്നുവത്രേ. നിനക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ, അദ്ദേഹം ഇവിടുത്തെ വാഴുന്നോരാണ് എന്നായിരുന്നു ബന്ധപ്പെട്ടവരുടെ മറുപടി. ആ പരാതിയില്‍ പ്രത്യേകിച്ച് നടപടികളൊന്നുമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല അതിന് ശേഷം പല സിനിമകളില്‍ നിന്നും തന്നെ മാറ്റിയ സംഭവങ്ങള്‍ ഉണ്ടായെന്നും കെപിഎസി ലളിത തുറന്നുപറഞ്ഞിരുന്നു.