ഇടുക്കി: ചേലാകര്‍മത്തെത്തുടര്‍ന്ന് രക്തംവാര്‍ന്ന് നവജാതശിശു മരിച്ച സംഭവത്തില്‍ രണ്ടുപേരെ കാഞ്ഞാര്‍ പോലീസ് അറസ്റ്റുചെയ്തു. എറണാകുളം പേരാമംഗലം ഇടക്കുടിയില്‍ ഇബ്രാഹിം(63), സഹായി ആലപുറത്തുകുടിയില്‍ റിഷാദ് (39) എന്നിവരെ ജില്ലാ സെഷന്‍സ് കോടതി റിമാന്‍ഡുചെയ്തു. കാഞ്ഞാറിലെ ഒരു കുടുംബത്തിലെ 67 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്.
2024 ജനുവരി രണ്ടിനാണ് സംഭവം നടന്നത്. ചര്‍മം നീക്കിയതിനെത്തുടര്‍ന്ന് ശക്തമായ രക്തസ്രാവമുണ്ടായി. കുഞ്ഞിനെ അടിമാലിയിലെ ഒരു ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. ചികിത്സയില്‍ കഴിയവെ കുഞ്ഞിന് ശ്വാസതടസ്സമുണ്ടായി. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലിന് വൈകീട്ട് ഏഴോടെ കുഞ്ഞ് മരിച്ചു.
ഈ സംഭവത്തിന് പിന്നാലെ ആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും അത് തള്ളിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് യുക്തിവാദി സംഘടനയായ നൊണ്‍ റിലീജ്യസ് സിറ്റിസണ്‍സ് (എന്‍.ആര്‍.സി). പിഞ്ചുകുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇതെന്നും പിന്നോട്ടില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
പത്രവാര്‍ത്തകള്‍ അടിസ്ഥാനമാക്കിയുള്ള ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ വിധി പറഞ്ഞത്. പ്രായപൂര്‍ത്തിയാകും മുമ്പ് ചേലാകര്‍മം നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണ് എന്നാണ് ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നത്. ചേലാകര്‍മം ജാമ്യമില്ലാ കുറ്റമാക്കി മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്‍.ആര്‍.സിക്കു പുറമെ ടി.എം ആരിഫ് ഹുസൈന്‍, നൗഷാദ് അലി, ഷാഹുല്‍ ഹമീദ്, യാസീന്‍ എന്‍, കെ. അബ്ദുല്‍ കലാം എന്നിവരും ഹരജിയില്‍ പങ്കാളികളായിരുന്നു. 18 വയസിനുമുന്‍പ് ചേലാകര്‍മം നടത്തുന്നത് കുട്ടികളുടെ മൗലികാവകാശങ്ങളുടെ പച്ചയായ ലംഘനമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. കോടതി നിയമനിര്‍മാണ സമിതിയല്ലെന്ന് ഹരജി തള്ളിക്കൊണ്ട് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി. പരാതിക്കാര്‍ക്ക് അവരുടെ വാദം കൃത്യമായി സമര്‍ത്ഥിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
യുനൈറ്റഡ് നേഷന്‍സ് കണ്‍വന്‍ഷന്‍ ഓണ്‍ ദി റൈറ്റ്‌സ് ഓഫ് ചൈല്‍ഡ്, ഇന്റര്‍നാഷനല്‍ കവനെന്റ് ഓണ്‍ സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്സ് തുടങ്ങി കുട്ടികളുടെ അവകാശങ്ങള്‍ പ്രഖ്യാപിക്കുന്ന വിവിധ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും പ്രമേയങ്ങളും കൂട്ടിച്ചേര്‍ത്തായിരുന്നു പരാതിക്കാര്‍ ഹരജി നല്‍കിയത്. ചേലാകര്‍മം നിര്‍ബന്ധിത മതകര്‍മമല്ലെന്നും ഹരജിയില്‍ വാദിക്കുന്നു. രക്ഷിതാക്കള്‍ ഏകപക്ഷീയമായി കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്നതാണിതെന്നും പരാതിക്കാര്‍ ആരോപിച്ചു.
ചേലാകര്‍മം നടത്തിയാല്‍ ലൈംഗികശക്തി കുറയുമെന്ന തരത്തിലുള്ള ചില അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകളിലെ പഠനവും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രതിമൂര്‍ച്ഛ വേഗത്തില്‍ ലഭിക്കില്ലെന്നും സ്ത്രീ പങ്കാളികള്‍ ലൈംഗികമായി അസംതൃപ്തരാകാനുള്ള സാധ്യതയുണ്ടെന്നും ഇവര്‍ വാദിച്ചു. ചേലാകര്‍മ്മം വാഹനാപകടങ്ങള്‍ക്ക് വരെ കാരണമാകുന്നുണ്ടെന്ന് ഹര്‍ജി അവകാശപ്പെടുന്നു. മാനസികാഘാതം, നിസ്സഹായത, മരണത്തിന് വരെ കാരണമാകുന്ന ഗുരുതരമായ മുറിവ് എന്നിവയ്ക്ക് ചേലാകര്‍മ്മം കാരണമാകുന്നുണ്ട്. ലൈംഗികോപദ്രവം, ശാരീരികോപദ്രവം, ഗാര്‍ഹികപീഡനം, സമുദായ പീഡനം, മെഡിക്കല്‍ ട്രോമ, വാഹനാപകടം എന്നിവയ്ക്കും കാരണമാകുന്നു. ശൈശവകാലത്തെ മാനസികാഘാതം വൈകാരിക പ്രതിബന്ധങ്ങള്‍ക്കും വഴിവയ്ക്കുന്നു- ഹര്‍ജിയില്‍ ആരോപിച്ചു.