KeralaNEWS

ബെംഗളൂരു എറണാകുളം വന്ദേഭാരത്: രാവിലെ ആറരയ്ക്ക് പുറപ്പെട്ടാല്‍ മതിയെന്നു ദക്ഷിണ റെയില്‍വേ

പാലക്കാട്: ബെംഗളൂരു- എറണാകുളം വന്ദേഭാരത് സ്‌പെഷല്‍ സര്‍വീസ് ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്ന സമയം മാറ്റാന്‍ ദക്ഷിണ റെയില്‍വേ നിര്‍ദേശിച്ചു. എറണാകുളത്തേക്കു പുറപ്പെടുന്ന സമയം രാവിലെ 5.30നു പകരം 6.30 ആക്കണം എന്നാണു നിര്‍ദേശം. ബെംഗളൂരു നഗരത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്പോഴത്തെ സമയത്തു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്താന്‍ പ്രയാസമുണ്ട്. എന്നാല്‍, ബെംഗളൂരു ഡിവിഷന്‍ ഉള്‍പ്പെടുന്ന സൗത്ത് വെസ്റ്റ് റെയില്‍വേ മറുപടി നല്‍കിയിട്ടില്ല. സ്റ്റേഷനില്‍ മൂന്നു പ്ലാറ്റ്‌ഫോം മാത്രമായതിനാല്‍ സമയമാറ്റത്തിനു കൂടുതല്‍ പരിശോധന വേണമെന്നാണ് അവരുടെ നിലപാട്.

നേരത്തേ കന്റോണ്‍മെന്റിനു പകരം സെന്‍ട്രല്‍ സ്റ്റേഷനാണു സര്‍വീസിനായി ആവശ്യപ്പെട്ടതെങ്കിലും ട്രെയിന്‍ സ്വീകരിക്കാന്‍ ഇടമില്ലെന്നായിരുന്നു മറുപടി.എറണാകുളം ബെംഗളൂരു വന്ദേഭാരത് സ്‌പെഷല്‍ സര്‍വീസിന്റെ കാലാവധി 26ന് അവസാനിക്കും. ഒാണക്കാലത്തെ തിരക്കു പരിഗണിച്ചു സര്‍വീസ് നീട്ടിയുള്ള ഉത്തരവ് അടുത്ത ദിവസം ഇറക്കിയേക്കും. ഐആര്‍ടിസിയുടെ കണക്കില്‍ എറണാകുളം ബെംഗളൂരു സര്‍വീസിനു 105%, ബെംഗളൂരു എറണാകുളം സര്‍വീസിന് 88% എന്നിങ്ങനെയാണു ബുക്കിങ്.

Signature-ad

ശനി, ഞായര്‍ ദിവസങ്ങളില്‍ പലര്‍ക്കും ടിക്കറ്റ് ലഭിക്കാറില്ല. എട്ടു കോച്ചുകളില്‍ ചെയര്‍, എക്‌സിക്യൂട്ടീവ് ക്ലാസുകളിലായി 600 സീറ്റുകളുണ്ട്. ഒരു റേക്ക് കൂടി അനുവദിച്ച് സര്‍വീസ് സ്ഥിരമാക്കാന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ അടിയന്തരമായി ഇടപെടണമെന്നാണു യാത്രക്കാരുടെ ആവശ്യം. 31% യാത്രക്കാര്‍ മാത്രമുള്ള മംഗളൂരു ഗോവ വന്ദേഭാരതിനു കഴിഞ്ഞ മാസം അധിക റേക്ക് അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: