IndiaNEWS

സുരേഷ് ഗോപി മന്ത്രിസ്ഥാനം ഒഴിയുമോ? ‘അമിത് ഷാ’ പരാമര്‍ശത്തില്‍ കേന്ദ്രത്തിന് കടുത്ത അതൃപ്തി

ന്യൂഡല്‍ഹി: മന്ത്രിസ്ഥാനം തിരിച്ചെടുത്താല്‍ സന്തോഷമെന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ പ്രസ്താവനയില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. അമിത്ഷായുടെ പേര് പ്രസംഗത്തില്‍ പരാമര്‍ശിച്ചതിലും നേതൃത്വം കടുത്ത നീരസത്തിലാണ്. കേന്ദ്രമന്ത്രി എന്ന പദവിയിലിരുന്ന് സിനിമചെയ്യാന്‍ സുരേഷ്ഗോപിക്ക് അനുമതി നല്‍കിയേക്കില്ല എന്നാണ് റിപ്പോര്‍ട്ട്.

ഇനിയും കടുത്ത നിലപാട് തുടര്‍ന്നാല്‍ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കുന്ന കാര്യവും പരിഗണിച്ചേക്കും. 22 സിനിമയോളം ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പറുകെട്ട് അങ്ങനെയെടുത്ത് ഒരു സൈഡിലേക്ക് എറിഞ്ഞു എന്ന പ്രസ്താവനയാണ് നേതൃത്വത്തെ ഏറെ ചൊടിപ്പിച്ചത്. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം അനുസരിച്ച് പണമുണ്ടാക്കുന്ന മറ്റുജോലികളില്‍ മന്ത്രിമാര്‍ക്ക് ഏര്‍പ്പെടാന്‍ അനുവാദമില്ല. ഇതില്‍ നിന്ന് മാറി സുരേഷ്ഗോപിക്ക് അനുമതി നല്‍കിയാല്‍ അതൊരു കീഴ്വഴക്കമാകാന്‍ ഇടയാക്കിയേക്കും എന്ന ഭീതിയും കേന്ദ്രത്തിനുണ്ട്.

Signature-ad

അടുത്തിടെ ഫിലിംചേമ്പര്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു സുരേഷ്ഗോപിയുടെ വിവാദ പരാമര്‍ശമുണ്ടായത്. സിനിമ താന്‍ ചെയ്യുമെന്നും പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

സുരേഷ് ഗോപിയുടെ വാക്കുകള്‍:

”സിനിമ ഞാന്‍ ചെയ്യും. അനുവാദം ചോദിച്ചെങ്കിലും കിട്ടിയില്ല. പക്ഷേ സെപ്തംബര്‍ ആറാം തീയതി ഞാന്‍ ഒറ്റക്കൊമ്പന്‍ തുടങ്ങുകയാണ്. എല്ലാവരുടെയും ആശിര്‍വാദം ഉണ്ടാവണം. ഏതാണ്ട് 22 സിനിമയുടെ സ്‌ക്രിപ്റ്റിനാണ് ആര്‍ത്തിയോടെ ചെയ്യാമെന്ന് സമ്മതിച്ചത്. ഇനി 22 സിനിമയോളം ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പറുകെട്ട് അങ്ങനെയെടുത്ത് ഒരു സൈഡിലേക്ക് എറിഞ്ഞു. പക്ഷേ, അനുവാദം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട് സെപ്തംബര്‍ ആറിന് ഞാനിങ്ങ് പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്ട്രിയില്‍ നിന്നുള്ള മൂന്നോ നാലോ പേര്‍ക്ക് ഞാന്‍ അല്ലെങ്കില്‍ പ്രൊഡ്യൂസര്‍ ഒരു കാരവാന്‍ എടുത്ത് കൊടുക്കും.

ഇനി അതിന്റെ പേരില്‍ അവര്‍ പറഞ്ഞയക്കുമെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു. എങ്കില്‍ എനിക്ക് തൃശൂര്‍ക്കാരെ കൂടുതല്‍ പരിഗണിക്കാന്‍ പറ്റും. എനിക്ക് ഇവിടെ തന്നെ നില്‍ക്കാം. ഇപ്പോള്‍ പക്ഷേ അതിന് പറ്റുന്നില്ല. തൃശൂര്‍ക്കാര്‍ക്കാണ് എന്നെ ഇപ്പോള്‍ പൂര്‍ണമായി കിട്ടാത്തത്. ഞാനിതൊന്നും ആഗ്രഹിച്ചതും മോഹിച്ചതുമല്ല. പക്ഷേ, ഒറ്റ ചോദ്യത്തിന് മുന്നില്‍ ഞാന്‍ മുട്ടുകുത്തി. കേരളത്തിലെ ആദ്യ സംഭവമാണ്. രാഷ്ട്രീയ ചരിത്രമാണ്. നിങ്ങളെ ജയിപ്പിച്ചയച്ചത് ഒരു സമൂഹത്തിന്റെ ദൃഢനിശ്ചയമാണ്. അങ്ങനെയുള്ള ജനതയ്ക്ക് തിരിച്ചൊരു സമ്മാനം നല്‍കാനുണ്ട്. അതാണ് നിങ്ങളുടെ മന്ത്രി കസേര എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വഴങ്ങേണ്ടി വന്നതാണ്. എന്റെ നേതാക്കളെ എന്നും ഞാന്‍ അനുസരിക്കും. പക്ഷേ, സിനിമ എന്റെ പാഷനാണ്. അതില്ലെങ്കില്‍ ഞാന്‍ ചത്തുപോവും”

കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭാ എംപിയാണ് സുരേഷ്ഗോപി. ഇടത്, വലത് മുന്നണികളിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തിലാണ് സുരേഷ്ഗോപി പരാജയപ്പെടുത്തിയത്. ആ പരിഗണനയിലാണ് അദ്ദേഹത്തിന് കേന്ദ്രമന്ത്രിപദം ലഭിച്ചത്. ക്യാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ നീരസമുണ്ടെന്നും സഹമന്ത്രിസ്ഥാനം സ്വീകരിക്കാന്‍ അദ്ദേഹം വൈമനസ്യം കാണിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അസ്ഥാനത്താക്കി അദ്ദേഹം സഹമന്ത്രിസ്ഥാനം സ്വീകരിക്കുകയായിരുന്നു.

സുരേഷ്ഗോപിയുടെ പല പ്രസ്താവനകളും പ്രവൃത്തികളും പാര്‍ട്ടിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വത്തങ്ങള്‍ക്ക് കടുത്ത തലവേദന സൃഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ ചില പ്രവൃത്തികള്‍ ട്രോളുകള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: