നടി ആക്രമിക്കപ്പെടുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംഭവം. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ നായിക പുതുമുഖം. സംവിധായകന്‍ പഴയ ആളും. നായിക നടിക്കൊപ്പം സെറ്റില്‍ വരുന്നത് പിതാവാണ്. അത്യാവശ്യം സമ്പത്തുള്ള വീട്ടിലെ കുട്ടിയാണ് നായിക. പെണ്‍കുട്ടികളോട് പ്രത്യേക ‘കരുതലു’ള്ള ആളാണ് സംവിധായകന്‍. അഭിനയത്തിനിടെ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ ചാടിത്തുള്ളി ബഹളം വയ്ക്കാറില്ല. ഉച്ചത്തില്‍ സംസാരിക്കുന്നതു തന്നെ കുറവ്. ഷൂട്ടിംഗ് തീരാറായി വരുന്നു…
ഒരു വൈകിട്ട് സംവിധായകന്‍ നായിക നടിയെ മുറിയിലേക്ക് വിളിപ്പിച്ചു. സംസാരത്തിനിടയില്‍, ഈ പടം ഹിറ്റാകുമെന്നും നടിക്ക് അവസരങ്ങള്‍ വന്നു നിറയുമെന്നും അദ്ദേഹം പറഞ്ഞു. നടിയാകട്ടെ, ഇതുകേട്ട് സന്തോഷിച്ചു നിന്നു. പിന്നീട് സംഭാഷണത്തിലെ വിഷയം മാറി. തന്റെ ഇംഗീതം പതിയെ സൂചിപ്പിച്ചു. അയാളുടെ കൈകള്‍ അവളിലേക്ക് നീണ്ടു… അടുത്ത സീന്‍ നടി പുറത്തേക്ക് ഓടുന്നതാണ്. കാര്യം വള്ളിപുള്ളി വിടാതെ അച്ഛനോടു പറഞ്ഞു. സാമാന്യം ഉയരമുള്ള ആ പിതാവ് സംവിധായന്റെ മുറി തള്ളിത്തുറന്നങ്ങ് എത്തി. സംവിധായകനെ കോളറില്‍ പിടിച്ചുയര്‍ത്തി.
‘കട്ട്…കട്ട്…’എന്നൊന്നും പറയാതെ ‘നാറ്റിക്കരുതേ’ എന്ന് അപേക്ഷിക്കാന്‍ മാത്രമെ സംവിധായകന്റെ നാവ് പൊങ്ങിയുള്ളൂ. സിനിമ റിലീസായി. പടം സൂപ്പര്‍ഹിറ്റ്. സ്വാഭാവികമായും പുതുമുഖ നടി ക്ലിക്കായി. അവളെ തേടി മാദ്ധ്യമങ്ങള്‍ എത്തി. എല്ലാ അഭിമുഖങ്ങളിലും, അവസരം തന്ന സംവിധായകനെ അവള്‍ പുകഴ്ത്തി. പക്ഷെ, മലയാള സിനിമയില്‍ അവള്‍ക്ക് അവസരങ്ങള്‍ വിരളമായി. കേരളം വിട്ടവള്‍ ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും പോയി. തമിഴ്, തെലുങ്ക് സിനിമകളില്‍ തരക്കേടില്ലാത്ത അവസരങ്ങള്‍ ലഭിച്ചു.
നടി ആക്രമിക്കപ്പെട്ടുവെന്ന് അറിഞ്ഞപ്പോള്‍ ‘ഞെട്ടിത്തെറിച്ചുപോയ’വരുടെ കൂട്ടത്തില്‍ ഈ സംവിധായകനും ഉണ്ടായിരുന്നത്രെ!