Life Style

അല്പം നായ പുരാണം: ‘ഇനിമുതൽ നായ പട്ടിയല്ല!’

ലൈഫ്‌സ്റ്റൈൽ

സുനിൽ കെ ചെറിയാൻ

Signature-ad

      മക്കൾ വിദേശത്തുള്ള കാർന്നോന്മാർക്ക് കൂട്ട് ഇപ്പോൾ പട്ടികളാണ്. കൊറോണ സമയത്ത് ഒറ്റപ്പെട്ട് പോയ ആബാലവൃദ്ധം ജനങ്ങൾക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ആകെയുണ്ടായിരുന്നത്‌ വീട്ടിലെ പട്ടിയായിരുന്നു. ‘കാവൽക്കാരൻ പട്ടി’ എന്ന പണ്ടത്തെ പരിവേഷം വിട്ട്, കുടുംബാംഗം എന്ന നിലയിലേയ്ക്ക് വളർന്നിരിക്കുന്നു നായ. കുട്ടിൽ നിന്ന് വീടിൻ്റെ ഭക്ഷണ മുറിയിലേയ്ക്കും കിടപ്പറകളിലേയ്ക്കുമെത്തി നായകളുടെ സ്ഥാനം.

‘അതുകൊണ്ടെന്താ’ എന്ന് ചോദിക്കാൻ വരട്ടെ. കാര്യങ്ങൾ അത്ര ലളിതമല്ല. ഒരു യഥാർത്ഥ സംഭവം വായിക്കൂ. ഡേറ്റിങ്ങിനായി ഒരു പുരുഷനും സ്ത്രീയും സ്ഥലവും സമയവും ഉറപ്പിച്ചു. ആ കൂടിക്കാഴ്ച നന്നെങ്കിൽ വിവാഹമെന്ന പരിസമാപ്തിയിലേയ്ക്കെത്തും കാര്യങ്ങൾ.

മറിച്ച് അവിടെ നടന്നതെന്താണ്…? പറഞ്ഞുറപ്പിച്ച റെസ്റ്ററന്റിലേയ്ക്ക് പെൺകുട്ടി വന്നപ്പോൾ കൂടെയൊരു പട്ടി. ഒരു മണിക്കൂർ സംസാരവും ചായകുടിയും കഴിഞ്ഞ്, ‘കാണാം’ എന്ന് പറഞ്ഞ ചെക്കന് അവൾ പിന്നീട് മെസേജ് അയച്ചു:

”എനിക്ക് താല്പര്യമില്ല. നിങ്ങൾ എന്റെ നായ്ക്കുട്ടിയെ മൈൻഡ് ചെയ്‌തില്ല…!”

ഡിവോഴ്‌സ് ഇനിമേൽ നമുക്കൊരു പ്രശ്നമല്ല. ‘നീ പോയാലും കൂട്ടിന് പട്ടിയുണ്ടല്ലോ’ എന്ന് സമാധാനം. കുട്ടികളേക്കാൾ പട്ടികളുണ്ടായേക്കാവുന്ന നമ്മുടെ നഗരങ്ങളിൽ ഡോഗ്- ഫ്രണ്ട്ലി റസ്റ്ററന്റുകൾ വന്നു കഴിഞ്ഞു. ഇത്തരം 10 ചായക്കടകൾ ഡൽഹിയിൽത്തന്നെയുണ്ട്. പട്ടികൾക്ക് ഓടിക്കളിക്കാൻ സ്ഥലം, അവർക്ക് ബിസ്ക്കറ്റ്, അവരെ നോക്കാൻ ആയമാർ. നമ്മൾ കഴിക്കുന്നു; പട്ടികൾ കളിക്കുന്നു.

ഇനി വരാൻ പോകുന്നത് പട്ടികൾക്ക് മാത്രമായുള്ള കടി-ക്കടകളാവും. പട്ടികൾ കഴിക്കുന്നതും നോക്കി യജമാനന്മാർ കാവൽക്കാരായി ഇരിക്കും. ‘അയ്യേ, അവറ്റകൾക്ക് ഭയങ്കര മണം’ എന്ന് പറയേണ്ട കാര്യമുണ്ടാവില്ല. ഡോഗ്-പെർഫ്യൂമുകൾ ഉണ്ടല്ലോ.

പട്ടികൾക്കായുള്ള ഹോസ്പിറ്റലുകൾ കേരളത്തിലെ മിക്ക നഗരങ്ങളിലുമുണ്ട്. കാരണം പട്ടികൾക്ക് ഒടിവും ചതവും മാത്രമല്ല സംഭവിക്കുന്നത്. സ്‌ട്രെസും വിഷാദരോഗവും അവർക്കും കൂടിയുള്ളതാണെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ‘പട്ടി ചത്തു’ എന്ന് ലാഘവത്തോടെ പറയാൻ കഴിയുന്ന കാലം കഴിഞ്ഞു. പത്രങ്ങളിലെ നിര്യാതരായി കോളത്തിൽ ഇനി നായ്ക്കളും പ്രത്യക്ഷപ്പെടും; പത്രങ്ങൾ നിര്യാതരായില്ലെങ്കിൽ!

ടോക്കിയോയിലും, ന്യൂയോർക്കിലും പട്ടികളുടെ പ്രതിമകൾ ഉണ്ട്. നമ്മുടെ രാജ്യത്ത് മിലിട്ടറിയിലും എയർപോർട്ടിലും മറ്റും സേവനമനുഷ്ഠിക്കുന്ന നായകൾക്ക് വീരസ്മരണ എന്ന നിലയിൽ ഔദ്യോഗികമായും, സ്നേഹസ്മരണയിൽ സ്വകാര്യമായും നായപ്രതിമകൾ ഉയരാം.

എന്തിനേറെ, ‘ഞാൻ അന്തിയുറങ്ങുന്ന അതേ കുഴിയിലേയ്ക്ക് എന്റെ പട്ടിയെയും അടക്കണം’ എന്ന അപേക്ഷകൾ വിദൂരമല്ല (അല്ലെങ്കിൽ തിരിച്ച്: എന്റെ പട്ടിയെ കുഴിച്ചിട്ട അതേ കുഴിയിൽ എന്നെ മറവ് ചെയ്യൂ!).

ഒരു സന്ദേഹം ബാക്കിയുണ്ട്: പട്ടിയെ കൊന്നു തിന്നുന്നവരും നായസ്നേഹികളും തമ്മിൽ യുദ്ധമുണ്ടാവുമോ…?

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: