KeralaNEWS

ചെലവ് ഒരു കോടിയോളം, ഷിരൂരില്‍ ഡ്രജര്‍ എത്തിക്കുന്നതില്‍ ആശയക്കുഴപ്പം; ഉന്നതതല യോഗം ഇന്ന്

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനായി പുഴയില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഡ്രജര്‍ കൊണ്ടുവരുന്നതില്‍ അനിശ്ചിതത്വം. ഒരു കോടിയോളം മുടക്കി ഗോവയില്‍ നിന്ന് യന്ത്രം എത്തിക്കണോ എന്നതില്‍ തീരുമാനമായില്ല. മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കിട്ടുമെന്നുറപ്പില്ലാതിരിക്കെ, സര്‍ക്കാര്‍ വന്‍തുക മുടക്കണോ എന്നതാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഷിരൂര്‍ ദൗത്യത്തിന്റെ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി ഇന്ന് ഉന്നതതല യോഗം നടക്കും.

അര്‍ജുനെ കൂടാതെ ഷിരൂരുകാരായ ജഗന്നാഥ്, ലോകേഷ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഗംഗാവലി പുഴയിലേക്ക് വീണവരുടെ ശരീരങ്ങള്‍ എട്ടും പത്തും കിലോമീറ്ററുകള്‍ അകലെ തീരത്തടിഞ്ഞിരുന്നു. ഇന്നലെയാണ് പുഴയിലിറങ്ങിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. ഡ്രജര്‍ എത്തിച്ചശേഷം മതി തിരച്ചിലെന്നായിരുന്നു തീരുമാനം. ഡ്രജര്‍ എത്താന്‍ ഇനി അഞ്ച് ദിവസം കൂടി എടുക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞിരുന്നു.

Signature-ad

വൃഷ്ടിപ്രദേശത്തെ മഴ കാരണം ഗംഗാവലി പുഴയിലെ ഒഴുക്ക് വര്‍ധിക്കാനും തുടങ്ങിയിട്ടുണ്ട്. പുഴയിലെ വെള്ളം കലങ്ങിയ നിലയിലായി. ഇതോടെ പുഴയ്ക്ക് അടിയില്‍ കാഴ്ച ഇല്ലാത്തതിനാല്‍ മുങ്ങിയുള്ള തിരച്ചില്‍ ബുദ്ധിമുട്ടാണെന്ന് ഈശ്വര്‍ മല്‍പെയും പറഞ്ഞു. ഇതുവരെ പുഴയില്‍ നടത്തിയ തിരച്ചിലില്‍ ലോറിയുടെ ലോഹഭാഗങ്ങളും ലോറിയില്‍ ഉപയോഗിച്ച കയറും മാത്രമാണ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: