ചാരിത്ര ശുദ്ധിയിൽ സംശയം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രവാസിയായ ഭർത്താവ് അറസ്റ്റിൽ
കാസര്‍കോട്: ഭാര്യയുടെ ചാരിത്രശുദ്ധിയിൽ സംശയാലുവായ ഭർത്താവ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ഭാര്യ ഗുരുതരാവസ്ഥയിൽ. തലയ്ക്കും കൈക്കും വെട്ടേറ്റ യുവതിയെ കാസർകോട് കെയർവെൽ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പ്രവാസിയായ ഭർത്താവിനെ പൊലിസ് അറസ്റ്റ് ചെയ്‌തു. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഭർത്താവ് പൊലീസ് പിടിയിലായത്.
ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ഷംസീന (30) യ്ക്കാണ് വെട്ടേറ്റത്. ഭർത്താവ് ഇസ്മായിൽ (42) ആണ് അറസ്റ്റിലായത്. യുവതിക്ക് വെട്ടേറ്റ വിവരം നാട്ടുകാരാണ് പൊലീസിനെ അറിയച്ചത്. മേൽപറമ്പ് പൊലീസ് കുതിച്ചെത്തിയപ്പോൾ വീടിൻ്റെ വരാന്തയിൽ രക്തം തളം കെട്ടി കിടക്കുകയായിരുന്നു.
കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ഷംസീനയെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഭര്‍ത്താവ് ഇസ്മായിലിനെ പിന്നീട് പിടികൂടുകയായിരുന്നു. ഇസ്മായിലിന് ഷംസീനയിൽ സംശയം തോന്നി പലപ്പോഴും മർദ്ദിക്കാറുണ്ടെന്ന് ബന്ധുക്കളും പ്രദേശവാസികളും പറയുന്നു. 10 വർഷം മുമ്പാണ് ഇസ്മായിൽ ഷംസീനയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഒരു പെണ്ണും രണ്ട് ആൺമക്കളും ഉണ്ട്.
ഇസ്മായിൽ ആദ്യ ഭാര്യയെയും ഇതേപോലെ സംശയത്തിൻ്റെ പേരിൽ കൈ തല്ലിയൊടിച്ചതായും പിന്നീട് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി വിവാഹബന്ധം ഉപേഷിക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. ഷംസീനയെ ആക്രമിച്ച സംഭവത്തിൽ ഇസ്മായിലിനെതിരെ ഭാരതീയ ന്യായ സംഹിത 109 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്താണ് അറസ്റ്റ് ചെയ്തത്.