KeralaNEWS

ഇന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്  പുറത്തുവിടുമോ…? റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയിൽ

   മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന്  പുറത്തുവിടാനിരിക്കെ ഹൈക്കോടതിയിൽ വീണ്ടും ഹർജി. നടി രഞ്ജനിയാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. അപ്പീൽ നിലനിൽക്കുമോ എന്ന് തിങ്കളാഴ്ച പരിഗണിക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ട്  ഇന്ന് പുറത്തുവിടാനായിരുന്നു തീരുമാനം. റിപ്പോർട്ടിലെ 233 പേജുകളുടെ പകർപ്പാണ് പുറത്തുവിടാനിരുന്നത്. വിവരാവകാശ നിയമപ്രകാരം  മാധ്യമപ്രവർത്തകർ ഉൾപ്പെടെ 5 പേരാണ് റിപ്പോർട്ടിന്റെ പകർപ്പിന്  അപേക്ഷ നൽകിയത്. ഈ സാഹചര്യത്തിൽ റിപ്പോർട്ട് ഇന്ന് പുറത്തുവിടുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്.

Signature-ad

ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ താനടക്കമുള്ളവര്‍ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും രഞ്ജിനി പറയുന്നു. മൊഴി നൽകിയപ്പോൾ തങ്ങളുടെ സ്വകാര്യത മാനിക്കുമെന്ന് ജസ്റ്റിസ് ഹേമ ഉറപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിൽ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുൻപ് അതിൻ്റെ ഉള്ളടക്കം എന്താണെന്ന് അറിയണമെന്നും തങ്ങളുടെ അനുമതിയോടു കൂടി മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നും അവര്‍ ആവശ്യപ്പെടുന്നു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവായ സജിമോൻ പറയിൽ നൽകിയ ഹർജി ജസ്റ്റിസ് വി.ജി അരുണിന്റെ സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഹർജിക്കാരനെ കമ്മിറ്റി റിപ്പോർട്ട് എങ്ങനെ ബാധിക്കുമെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും മൂന്നാം കക്ഷികളെ അടക്കം ബാധിക്കുന്നതൊന്നും റിപ്പോർട്ടിലില്ലെന്നും വിവരാവകാശ കമ്മീഷൻ ഉറപ്പാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിധി ഇതിനെതിരെയാണ് രഞ്ജിനിയുടെ അപ്പീൽ.

ഇക്കഴിഞ്ഞ ജൂലൈ 24ന് റിപ്പോർട്ട് പുറത്തുവിടുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഹൈക്കോടതി സ്റ്റേ ഇത് ചെയ്തത്. തുടർന്ന് വിശദമായ വാദം കേട്ട ശേഷമായിരുന്നു റിപ്പോർട്ട് പുറത്തുവിടാനുള്ള അനുമതി. ഇതിനെ തുടർന്ന് റിപ്പോര്‍ട്ട് സ്വീകരിക്കാൻ ഇന്ന് രാവിലെ 11 മണിക്ക് എത്തണമെന്ന് വിവരാവകാശ കമ്മിഷനിൽ അപേക്ഷ നല്‍കിയവരോട് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് രഞ്ജിനിയുടെ അപ്പീൽ എത്തിയിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്നാണ് സർക്കാർ  നിലപാട്. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കാൻ സിനിമ കോൺക്ലേവ് നടത്തുമെന്നും അതിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സിനിമ നയം രൂപപ്പെടുത്തുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: