തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണത്ത് വെട്ടേറ്റു മരിച്ച ഗുണ്ടാ നേതാവ് കാപ്പാ കേസില്‍ പുറത്തിറങ്ങിയത് രണ്ടു ദിവസം മുമ്പ്.
വധശ്രമമടക്കം ഒട്ടേറെ കേസുകളിലെ പ്രതിയായ വട്ടപ്പാറ കുറ്റിയാണി സ്വദേശി പൗഡിക്കോണം വിഷ്ണുനഗറില്‍ താമസിക്കുന്ന ജോയി(വെട്ടുകത്തി ജോയി-42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പൗഡിക്കോണം സൊസൈറ്റി ജങ്ഷനില്‍വെച്ച് കാറിലെത്തിയ സംഘം ജോയി വന്ന ഓട്ടോ തടഞ്ഞ് ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ മരിച്ചു.
വെള്ളിയാഴ്ച രാത്രി 8.30-ഓടെ പൗഡിക്കോണം സൊസൈറ്റി ജങ്ഷനിലായിരുന്നു സംഭവം. വിഷ്ണുനഗറിലെ വാടകവീട്ടിലേക്കു പോകുമ്പോള്‍ ജോയിയെ കാറിലെത്തിയ മൂന്നംഗസംഘം ഓട്ടോ തടഞ്ഞുനിര്‍ത്തി കാലുകളിലും തോളിലും വെട്ടുകയായിരുന്നു. കാലുകള്‍ മുട്ടിന്റെ ഭാഗംവെച്ച് അറ്റുതൂങ്ങിയ നിലയിലാണ്. ഓട്ടോയുടെ ഗ്ലാസും തകര്‍ത്തു. തൊട്ടടുത്ത ജങ്ഷനിലുണ്ടായിരുന്നവര്‍ കണ്ടുനില്‍ക്കുമ്പോഴായിരുന്നു ആക്രമണം.
വെട്ടേറ്റ ജോയി അരമണിക്കൂറോളം രക്തം വാര്‍ന്ന് റോഡരികില്‍ കിടന്നു. ശ്രീകാര്യം പോലീസ് എത്തിയാണ് ജീപ്പില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. വട്ടപ്പാറ കുറ്റിയാണി സ്വദേശികളായ രണ്ടുപേരാണ് തന്നെ ആക്രമിച്ചതെന്നാണ് ജോയി പോലീസിനോടു പറഞ്ഞത്.
അതേസമയം, അക്രമികള്‍ സഞ്ചരിച്ച കാര്‍ വാടകയ്ക്ക് എടുത്തുകൊടുത്തയാള്‍ കസ്റ്റഡിയില്‍. വെഞ്ഞാറമൂട് മുക്കുന്നുമൂട് സ്വദേശി സുബിന്‍ ആണ് പോലീസിന്റെ പിടിയിലായത്. കുറ്റിയാനി സ്വദേശികളായ സജീര്‍, അന്‍ഷാദ്, അന്‍വര്‍, ഹുസൈന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നതെന്ന് പോലീസ് അറിയിച്ചു.
മണ്ണ് കടത്തുന്നതുമായി ബന്ധപ്പെട്ട സാമ്പത്തികത്തര്‍ക്കങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഇതിനു മുന്‍പ് രണ്ടുതവണ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായിരുന്നു. 2023-ല്‍ ജോയിയെ വട്ടപ്പാറ പോലീസ് കാപ്പ കേസില്‍ നാടുകടത്തിയിരുന്നു. 2006-ല്‍ വട്ടപ്പാറ സ്റ്റേഷന്‍പരിധിയില്‍ നടന്ന കൊലക്കേസില്‍ ജോയി പ്രതിയായിരുന്നെങ്കിലും കോടതി വെറുതേ വിട്ടു.