KeralaNEWS

ബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിക്കാന്‍ ഇന്ത്യ സൈന്യത്തെ അയക്കണമെന്ന് ടി.ജി മോഹന്‍ദാസ്

കൊച്ചി: ബംഗ്ലാദേശില്‍ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കളെ രക്ഷിക്കാന്‍ ഇന്ത്യ സൈന്യത്തെ അയക്കണമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്. യൂട്യൂബ് ചാനലിലൂടെയാണ് മോഹന്‍ദാസ് വിവാദ പ്രസ്താവന നടത്തിയത്. ബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിക്കാന്‍ എന്തു ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി കൃത്യമായ ഉത്തരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ദ്രോഹിക്കപ്പെടുന്നുണ്ട്. അവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവരെ ഇവിടേക്ക് വിടണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ ബംഗ്ലാദേശ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടണം. മുഹമ്മദ് യൂനുസിനോട് കാര്യം പറയണം, അല്ലെങ്കില്‍ നമ്മളുടെ ശക്തി ഉപയോഗിച്ച് നേരിടണം. ബംഗ്ലാദേശ് ആര്‍മിയുടെ കൈയില്‍ തോക്കല്ലാതെ വേറൊന്നുമില്ല. ടാങ്കും, യുദ്ധകപ്പലൊന്നും അവരുടെ കൈയില്‍ ഇല്ല. ഒറീസയേക്കാള്‍ ചെറുതാണ് ബംഗ്ലാദേശെന്ന് ഓര്‍മവേണം.

Signature-ad

ബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിക്കാന്‍ എന്തു ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി കൃത്യമായ ഉത്തരം നല്‍കണം. അവിടെ ശ്വാസംമുട്ടുന്ന ഹിന്ദുക്കളുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുപറയണം. ബംഗ്ലാദേശ് എംബസിയില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറന്ന് സൗകര്യങ്ങളൊരുക്കണം. ഹിന്ദുക്കള്‍ക്ക് മാത്രം സ്വാഗതമെന്ന ബോര്‍ഡ് വെച്ചിട്ട് അവിടുത്തെ ഹിന്ദുക്കളെ ഇങ്ങോട്ട് വരാന്‍ അനുവദിക്കണം. രക്ഷപ്പെടാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചു മൂന്ന് ബംഗ്ലാദേശികള്‍ തന്നെ സമീപിച്ചുവെന്നും മോഹന്‍ദാസ് പറഞ്ഞു.

ഹിന്ദുവിരോധിയാണ് മുഹമ്മദ് യൂനുസ്. ചിട്ടിക്കമ്പനി നടത്തിയതിന്റെ പേരിലാണ് അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചതെന്നും മോഹന്‍ദാസ് പരിഹസിച്ചു. ബംഗ്ലാദേശില്‍ ഒരു കോടി അറുപത്തി രണ്ട് ലക്ഷം ഹിന്ദുക്കളുണ്ടെന്നാണ് കണക്കുകള്‍. ഹിന്ദുക്കളെയെല്ലാം മുസ്ലിംകളാക്കുക എന്നതാണ് ബംഗ്ലാദേശിലെ ഇസ്‌ലാമിക തീവ്രവാദ സംഘടനകളുടെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: