മലയാളിയുടെ സ്നേഹവായ്പും കാരുണ്യവും നിറഞ്ഞൊഴുകിയ മുഹൂർത്തങ്ങളായിരുന്നു വയനാട് ദുരന്തഭൂമിയിൽ കണ്ടത്. ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് നിസ്വാർത്ഥമായി, യാതൊരു പ്രതിഫലേച്ഛയും കൂടാതെ സേവനം ചെയ്ത അനേകം പേരുണ്ട്. ഇതിൽ ചെറുപ്പക്കാരിയായ ഒരു വനിതാ ഡോക്ടർ ഏറെ ശ്രദ്ധ നേടിയിരിക്കുന്നു. ലവീന മുഹമ്മദ് എന്ന ഈ വനിതാ ഡോക്ടറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
https://www.facebook.com/100069498548920/videos/3822740824624448/?mibextid=rS40aB7S9Ucbxw6v
ഭീതി ജനിപ്പിക്കുന്ന മട്ടിൽ കുത്തിയൊഴുകുന്ന പുഴയ്ക്ക് മേലെ തയ്യാറാക്കിയ താൽക്കാലിക റോപ്പില്‍ കയറി സാഹസികമായി മറുകരയിലെത്തി, ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ സേവനം ഉപയോഗിച്ച് ആശുപത്രിയിലെത്തിക്കാനും ഡോ. ലവീന മുഹമ്മദ് നേതൃത്വം നൽകി
ജാതി, മത, രാഷ്ട്രീയത്തിന് അതീതമായി മനുഷ്യ സ്നേഹത്തിൻ്റെ സന്ദേശമാണ് ഡോക്ടർ ലവീന മുഹമ്മദിൻ്റെ കാരുണ്യ പ്രവർത്തി എന്ന് പൊതുസമൂഹം പ്രകീർത്തിക്കുന്നു. ഡോക്ടർ ലവീന മുഹമ്മദിനെക്കുറിച്ച് ഒരാൾ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയ ഒരു കുറിപ്പാണ് വൈറൽ ആയി.
കുറിപ്പ് ഇങ്ങനെ:
‘ചൂരല്‍മലയെ രണ്ടായി പിളര്‍ത്തിയ പുഴയുടെ മറുകരയില്‍ കുടുങ്ങിയവരെ സുരക്ഷിതമായി ഇക്കരെ എത്തിക്കാനും അവര്‍ക്കു വേണ്ട ചികിത്സ നല്‍കാനും ഭയാനകമാം വിധം കുത്തിയൊഴുകുന്ന പുഴക്ക് മേലെ തയ്യാറാക്കിയ താൽക്കാലിക റോപ്പില്‍ കയറി സാഹസികമായി മറുകരയിലെത്തിയ ആ യുവതിയെ നോക്കി ഇപ്പുറത്തെ കരയിൽ നിന്നിരുന്ന ഒരാൾ പറയുന്ന വികാരഭരിതമായ വാക്കുകൾ ഇങ്ങനെയായിരുന്നു:
‘അത് മിംസിലെ ഡോക്ടർ ആണ്…’ സമാനതകളില്ലാത്ത മനോധൈര്യത്തില്‍, ആര്‍ക്കും ചികിത്സ വൈകരുതെന്ന ഒറ്റചിന്തയിലായിരുന്നു ഡോക്ടർ റോപ്പ് വഴി മറുകരയിലേക്ക് പോകാന്‍ തീരുമാനിച്ചത്.
പരിക്കേറ്റെത്തിയ നിരവധി പേരെയാണ് അവിടെയെത്തി പ്രാഥമിക ചികിത്സ നല്‍കിയത്. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ സേവനത്തിലൂടെ ആശുപത്രിയിലെത്തിക്കാനും ഡോക്ടർ നേതൃത്വം നൽകി. ഹൃദയം നുറുങ്ങി പോകുന്ന കാഴ്ചകൾക്കിടക്ക്, വൈകാരികമായ പിരിമുറുക്കങ്ങൾക്കിടക്ക്, അവയെ എല്ലാം മറിക്കടന്ന് ഒരു ദുരന്ത മുഖത്ത് സാന്ത്വനമായി നിലയുറപ്പിക്കാൻ കഴിഞ്ഞതിന് പിന്നിൽ, തൊഴിലിനോട് പുലർത്തുന്ന ആത്മാർത്ഥത മാത്രമല്ല, മനുഷ്യനോടുള്ള അപാരമായ സ്നേഹമാണ്, മാനവികതയിലുറച്ച സാമൂഹ്യ ബോധ്യങ്ങളാണ്.
ഡോക്ടർ ലവീന മുഹമ്മദ്. കൂരിരുട്ടിലും വെളിച്ചമാവുന്ന നിങ്ങളുടെ ഹൃദയത്തിന് അഭിവാദ്യങ്ങൾ.’
മറ്റൊരു പോസ്റ്റ്:
‘നാഥാ സഹജീവികളോട് കരുണ കാണിക്കുന്ന നല്ല മനസുള്ള സഹോദരങ്ങളെ ഇനിയും ഞങ്ങളിലേക്ക് അയക്കേണമേ, പടച്ചതമ്പുരാൻ ആയുർ ആരോഗ്യവും എല്ലാ അനുഗ്രഹ ഐശ്വര്യങ്ങളും നൽകി എന്നും നന്മയുടെ അമരക്കാരിയായി നില നിർത്തട്ടേ…’
മിംസ് ഹോസ്പിറ്റലിൽ ഞങ്ങൾ വയനാട്ടുകാരുടെ സ്വകാര്യ അഹങ്കാരം എന്നൊക്കെയുള്ള കമൻ്റുകളാണ് ഡോക്ടറെക്കുറിച്ചുള്ള പോസ്റ്റിന് താഴെ എത്തുന്നത് എന്നത് പ്രത്യേകം എടുത്തു കാണേണ്ടതാണ്. അത്രയ്ക്ക് ഉണ്ട് അവർക്ക് ഇന്ന് പൊതുസമൂഹത്തിൽ ഉണ്ടായ സ്വീകാര്യത.