ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ജനങ്ങള്‍ക്കും സൈനികര്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ തന്ത്രങ്ങളില്‍ കാര്യമായ മാറ്റത്തിനൊരുങ്ങി സൈന്യം. കഴിഞ്ഞ രണ്ടു മാസത്തിനിടെ ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു. കാലങ്ങളായി അക്രമം ഇല്ലാതിരുന്ന മേഖലകളിലും സമാധാന അന്തരീക്ഷം തകര്‍ന്നത് സൈന്യം ഗൗരവത്തോടെയാണ് കാണുന്നത്. ബിഎസ്എഫിന്റെ 2000 ഭടന്‍മാരെ കശ്മീര്‍ മേഖലയില്‍ പുതുതായി വിന്യസിച്ചു. സാമ്പാ മേഖലയിലാണ് ഇവരുടെ സേവനം ഉപയോഗിക്കുന്നത്.
കശ്മീരില്‍ ഇന്ത്യ-പാക്ക് അതിര്‍ത്തി മേഖലയില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ധിച്ചതും തുടര്‍ച്ചയായ ഭീകരാക്രമണങ്ങളും ഉണ്ടാകുന്നതിനു പിന്നാലെ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ നിതിന്‍ അഗര്‍വാളിനെ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്നു കേന്ദ്രം നീക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച യോഗത്തിനുശേഷമാണ് മാറ്റം. ഇദ്ദേഹത്തെ കേരള കേഡറിലേക്കു തിരിച്ചയച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അദ്ദേഹം സ്ഥാനമേറ്റത്.
സ്‌പെഷല്‍ ഡിജി വൈ.ബി.ഖുറാനിയയെയും നീക്കി. അദ്ദേഹം ഒഡീഷ കേഡറിലേക്കു മടങ്ങും. സേനയുടെ തലപ്പത്തുള്ള രണ്ടു പേരെ ഒരുമിച്ചു നീക്കുന്നത് അപൂര്‍വമാണ്. നുഴഞ്ഞു കയറ്റം വര്‍ധിച്ച സാഹചര്യത്തിലാണ് ഇരുവരെയും നീക്കിയതെന്നാണ് സൂചന. സേനയെ നിയന്ത്രിക്കുന്നതിലും മറ്റു സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിലും വീഴ്ച വരുത്തിയതിനാണ് ഇരുവരെയും മാറ്റിയതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.