മുംബൈ: വിവാദ ഐ.എ.എസ്. പ്രബേഷണറി ഓഫീസര്‍ പൂജാ ഖേഡ്കറുടെ നിയമന ശുപാര്‍ശ റദ്ദാക്കി യു.പി.എസ്.സി. ഭാവിയില്‍ പരീക്ഷ എഴുതുന്നതില്‍നിന്ന് സ്ഥിരമായി അവരെ വിലക്കുകയും ചെയ്തു.
ജൂലൈയ് 18-ന് യു.പി.എസ്.സി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും 25-നകം മറുപടി സമര്‍പ്പിക്കണമെന്ന് പൂജാ ഖേഡ്കറോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആവശ്യമായ രേഖകള്‍ ശേഖരിക്കുന്നതിനായി ഓഗസ്റ്റ് നാല് വരെ സമയം നല്‍കണമെന്ന് പൂജാ ഖേഡ്കര്‍ ആവശ്യപ്പെട്ടിരുന്നു. 30-ന് വൈകുന്നേരം 3.30 വരെയായിരുന്നു വിശദീകരണം നല്‍കാന്‍ അവര്‍ക്ക് സമയം അനുവദിച്ചിരുന്നത്. അതിനുള്ളില്‍ വിശദീകരണം നല്‍കാത്തതിനാലാണ് യു.പി.എസ്.സി. നടപടി സ്വീകരിച്ചത്.
ലഭ്യമായ രേഖകള്‍ യു.പി.എസ്.സി. പരിശോധിക്കുകയും സിവില്‍ സര്‍വീസ് പരീക്ഷ 2022 ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ അവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. പൂജാ ഖേഡ്കറിന്റെ കേസിന്റെ പശ്ചാത്തലത്തില്‍, 2009 മുതല്‍ 2023 വരെയുള്ള സി.എസ്.ഇ. പരീക്ഷകളിലെ 15,000-ത്തിലധികം ഉദ്യോഗാര്‍ഥികളുടെ ലഭ്യമായ ഡേറ്റ യു.പി.എസ്.സി. വിശദമായി പരിശോധിച്ചു. പൂജാ ഖേഡ്കര്‍ ഒഴികെ, മറ്റൊരു സ്ഥാനാര്‍ഥിയും സി.എസ്.ഇ. ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് യു.പി.എസ്.സി. വ്യക്തമാക്കി.
യു.പി.എസ്.സി.യുടെ പരാതിയില്‍ നേരത്തെ ഡല്‍ഹി പോലീസ് പൂജ ഖേഡ്കറിനെതിരേ കേസെടുത്തിരുന്നു. സ്വന്തം പേരിലും മാതാപിതാക്കളുടെ പേരിലും വിലാസത്തിലും ഉള്‍പ്പെടെ കൃത്രിമം കാട്ടിയെന്ന പരാതിയിലാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നത്. നിയമന ശുപാര്‍ശ റദ്ദാക്കി യു.പി.എസ്.സി. ഉത്തരവിട്ടതോടെ പൂജയ്ക്കെതിരേയുള്ള നിയമക്കുരുക്കുകളും മുറുകും. അതേസമയം, ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പൂജ ഖേഡ്കര്‍ മുന്‍കൂര്‍ജാമ്യം തേടി ഡല്‍ഹി പട്യാല കോടതിയെ സമീപിച്ചിരുന്നു. കോടതി ജാമ്യഹര്‍ജി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. സംഭവത്തില്‍ പൂജയുടെ മാതാപിതാക്കള്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.