വയനാട്: പ്രകൃതി താണ്ഡവമാടിയ മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തില്‍ 267 ഓളം പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് വിവരം. 1000 ത്തോളം ആളുകള്‍ വിവിധ ക്യാമ്പുകളിലായി താമസിക്കുന്നുണ്ട്. ഇവര്‍ക്കായി ലോകത്തെ വിവിധ ഇടങ്ങളില്‍ നിന്ന് സഹായം എത്തുന്നുണ്ട്. വയനാടിനെ തിരിച്ച് പിടിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് ധനസഹായം നല്‍കുന്നത്.
ഇപ്പോഴിതാ പ്രവാസികളിലൊരാള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ഏല്‍പ്പിച്ച മൂന്ന് വാച്ചിനെക്കുറിച്ച് പറയുകയാണ് വ്‌ലോഗര്‍ എഫിന്‍. വാച്ചുകള്‍ വിറ്റ് ഏകദേശം 84 ലക്ഷം രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് എഫിന്‍ പറയുന്നത്. ആ പണം മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് എഫിന്‍ ഇക്കാര്യം പറഞ്ഞത്.
ഉബ്ലുവിന്റെ 21 ലക്ഷം രൂപ വിലവരുന്ന ബിഗ് ബാംഗ് സ്‌ക്വയര്‍ ലിമിറ്റഡ് എഡിഷന്‍ വാച്ച്, 33 ലക്ഷം രൂപയുടെ ഓവര്‍സീസിന്റെ റോസ് ഗോള്‍ഡ് എഡിഷന്‍, 29 ലക്ഷം രൂപയുടെ ഉബ്ലുവിന്റെ തന്നെ ഗൈടര്‍ എഡിഷന്‍ എന്നീ വാച്ചുകളാണ് എഫിന്റെ കൈയില്‍ ഉള്ളത്. ഈ വാച്ചുകള്‍ വിറ്റ് ആ പണം വയനാട്ടില്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് നല്‍കാനാണ് തന്റെ പ്രവാസി സുഹൃത്ത് പറഞ്ഞതെന്നും എഫിന്‍ പറഞ്ഞു. ഇത് വാങ്ങാന്‍ താല്‍പര്യം ഉള്ളവര്‍ അദ്ദേഹത്തിന് ഇമെയില്‍ അയയ്ക്കാനും പറഞ്ഞിട്ടുണ്ട്. വാച്ചുകള്‍ ഓണ്‍ലൈനായി വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓഫ്ലൈന്‍ ആയി വിറ്റ് പണം വയനാട്ടിന് നല്‍കാനാണ് ഇവരുടെ പ്ലാന്‍.