ജൂലൈ 31ന് ആരംഭിക്കുന്ന എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനിൻ്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിലേക്കും തിരിച്ചുമാണ് ട്രെയിൻ സർവീസ് നടത്തുക. 8 കോച്ചുകളുള്ള ട്രെയിനിൽ ഒരു എക്സിക്യൂട്ടീവ് ചെയർകാറും 7 സ്റ്റാൻഡേർഡ് ചെയർകാറുമാണ് ഉള്ളത്.
നാളെ എറണാകുളം – ബെംഗളൂരു സർവീസിനും ഓഗസ്റ്റ് ഒന്നിന് ബെംഗളൂരു – എറണാകുളം സർവീസിനും തുടക്കമാകും. ആഴ്ചയിൽ 3 ദിവസം വീതമാണ് ഇരു റൂട്ടുകളിലേയ്ക്കും വന്ദേ ഭാരത് സർവീസ് നടത്തുക.
എറണാകുളം – ബെംഗളൂരു റൂട്ടിൽ ജൂലൈ 31 മുതൽ ഓഗസ്റ്റ് 25 വരെയാണ് ട്രെയിൻ സർവീസ് നടത്തുക. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഈ ദിവസങ്ങളിൽ എറണാകുളം സൗത്ത് സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10 മണിക്ക് ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിൽ എത്തിച്ചേരും.
അതേസമയം ബെംഗളൂരു – എറണാകുളം റൂട്ടിൽ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലാണ് സർവീസ്. ഈ ദിവസങ്ങളിൽ ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിൽനിന്ന് പുലർച്ചെ 5.30ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.20ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിച്ചേരും.
എറണാകുളം- ബെംഗളൂരു സർവീസിന് ചെയർകാറിന് ഭക്ഷണം ഉൾപ്പെടെ 1465 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് ചെയർകാറിന് 2945 രൂപയും.
തൃശൂർ, ഷൊർണൂർ, പാലക്കാട്, പോഡനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോളാർപേട്ട് എന്നീ സ്റ്റേഷനുകളിലാണ് വന്ദേ ഭാരതിന് സ്റ്റോപ്പുള്ളത്. ബെംഗളൂരുവിൽനിന്ന് എറണാകുളം സൗത്ത് സ്റ്റേഷൻ വരെയുള്ള 620 കിലോമീറ്റർ ദൂരം 9 മണിക്കൂർ 10 മിനിറ്റുകൊണ്ടാണ് ട്രെയിൻ പിന്നിടുക. നിലവിൽ കെഎസ്ആർ ബെംഗളൂരു – എറണാകുളം സൗത്ത് ഇൻ്റർസിറ്റി എക്സ്പ്രസ് 587 കിലോമീറ്റർ ദൂരം 10 മണിക്കൂർ 33 മിനിറ്റുകൊണ്ടാണ് പിന്നിടുന്നത്.
ഹൊസൂർ വഴി സർവീസ് നടത്തുന്ന ഇൻ്റർസിറ്റി എക്സ്പ്രസിന് 14 സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.
അതേസമയം എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ സ്ഥിരമാക്കാനുള്ള സാധ്യതയുമുണ്ട്. ടിക്കറ്റ് വരുമാനം പരിഗണിച്ചായിരിക്കും റെയിൽവേ ഇതുസംബന്ധിച്ചു തീരുമാനമെടുക്കുക. ഐടി നഗരങ്ങളായ കൊച്ചിയെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ചുള്ള സർവീസിന് ആവശ്യക്കാർ ഏറെയുണ്ട്.