IndiaNEWS

ദൃക്സാക്ഷി മൊഴി അവഗണിച്ചതിനാൽ 2 നാൾ നഷ്ടമായി, ട്രക്കിൻ്റെ കാബിനിൽ അർജുൻ ഉണ്ടോയെന്ന് ഇന്ന് സ്ഥിരീകരിക്കും

     ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്ക്. ഇന്ന് (വ്യാഴം) 10-ാംദിനത്തിലെ ദൗത്യം പുനരാരംഭിക്കും. രാവിലെ 8 മണിയോടെ മണ്ണ് നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

  ഷിരൂർ ദുരന്തം സൃഷ്ടിച്ച വലിയ പ്രതിസന്ധികളിലൊന്ന്, സംഭവത്തിന്  ഒരു ദൃക്സാക്ഷിയെ കണ്ടെത്താൻ വൈകി എന്നതാണ്. ദുരന്ത സ്ഥലത്ത് അപ്പോഴുണ്ടായിരുന്ന എല്ലാ മനുഷ്യർക്കും അപകടത്തിൽ ജീവഹാനി സംഭവിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് കണ്ടെത്തിയ  നാഗേഷ് ഗൗഡ എന്ന ദൃക്‌സാക്ഷിയുടെ മൊഴി അധികൃതർ അവഗണിക്കുകയും ചെയ്തു.

Signature-ad

അർജുന്റെ ലോറി പുഴയിലേക്കു വീഴുന്നതു കണ്ടെന്നും പുഴയുടെ അടിത്തട്ടിൽ റോഡിനോടു ചേർന്നുള്ള ഭാഗത്തുതന്നെ ലോറി ഉണ്ടാവാമെന്നും ആയിരുന്നു നാഗേഷിന്റെ വെളിപ്പെടുത്തൽ. ഷിരൂർ കുന്നിനടുത്ത ഗ്രാമത്തിൽ ജീവിക്കുന്ന നാഗേഷ് പുഴയിലൂടെ ഒഴുകി വരുന്ന വിറക് ശേഖരിക്കാൻ എത്തിയതായിരുന്നു.

‘’കുന്നിൽ‌നിന്ന് മണ്ണ് ഇടിഞ്ഞു വീണ് തടി കയറ്റിയ ഒരു ലോറിയെയും കൊണ്ടു പുഴയിലേക്കു നീങ്ങി വരുന്നതു കണ്ടു. തീരത്ത് ഉണ്ടായിരുന്ന ചായക്കടയാണ് ആദ്യം പുഴയിലേക്കു വീണത്. പിന്നാലെയാണ് തടിലോറി വീണത്…’’

നാഗേഷിൻ്റെ ഈ വെളിപ്പെടുത്തൽ ശരിയാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ട്രക്ക് ഗംഗാവലി നദിയില്‍ ഇന്നലെ കണ്ടെത്തിയിരുന്നു. ഈ ട്രക്കിനുള്ളില്‍ അര്‍ജുന്‍ ഉണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനാണ് പ്രഥമ പരിഗണന. ട്രക്ക് നദിയില്‍ തലകീഴായി മറിഞ്ഞ നിലയിലായിരുന്നു.

ജൂലൈ 16ന് രാവിലെയാണ് ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കും വീണത്. അന്ന് കാണാതായ അര്‍ജുനായി ഇതുവരെ കരയിലും പുഴയിലുമായി നടത്തിയ തിരച്ചിലുകളൊന്നും ഫലംകണ്ടില്ല. ദേശീയപാതയിലെ മണ്ണ് പൂര്‍ണമായും നീക്കിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ പുഴയിലേക്കു വ്യാപിപ്പിച്ചത്.

നാവികസേനയുടെ മുങ്ങല്‍വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘവും ഇന്ന് എത്തിയിട്ടുണ്ട്. കലങ്ങിമറിഞ്ഞ, ചെളിനിറഞ്ഞ നദിയുടെ അടിയിലേക്ക് പോവുക എന്നതാണ് സേനയ്ക്കു മുന്നിലെ വെല്ലുവിളി.

ഇന്ന് ഒരു മണിയോടെ കരസേനയുടെ ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്‍സ് പ്രവര്‍ത്തന സജ്ജമാകും. ചെളിയില്‍ പുതഞ്ഞ വസ്തുക്കളും അവയുടെ സ്ഥാനവും എവിടെ എന്ന് വ്യക്തമാക്കി തരുന്ന സംവിധാനമാണിത്.

നിലവിൽ മഴ മാറി നിൽക്കുന്നത് രക്ഷാപ്രവർത്തനത്തിന് ​ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷിറ്റൂരിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം തെരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് സൈന്യമൊഴികെ മറ്റാര്‍ക്കും ഇന്ന് പ്രവേശനമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.  വൈകുന്നേരത്തിനുള്ളിൽ ഓപ്പറേഷൻ പൂർത്തിയാക്കാനാവും എന്നാണ് പ്രതീക്ഷ.

Back to top button
error: