ഈ മഴക്കാലത്തും ആരോഗ്യം പരിപാലിക്കണ്ടേ…? കർക്കിടകത്തിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കർക്കിടക മാസം ആരോഗ്യ മാസമാണ്. മാത്രമല്ല മഴക്കാലവും. ഈ നാളുകളിൽ ആരോഗ്യ കാര്യത്തിൽ വളരെ അധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മലയാളികൾ കർക്കിടത്തിലെ പ്രത്യേക ഭക്ഷണ ശീലങ്ങൾ മുടങ്ങാതെ പിൻതുടരുന്നവരാണ്. കർക്കിടക കഞ്ഞിയും പത്തിലക്കറികളും കർക്കിടകത്തിന്റെ പ്രത്യേക ആഹാര ശൈലികളിൽപ്പെട്ടതാണ്.
മഴക്കാലത്തെ ഈർപ്പമുള്ള കാലാവസ്ഥയിൽ രോഗങ്ങൾ വളരെ വേഗത്തിൽ പടരാൻ സാധ്യതയുണ്ട്. അതിനാൽ, നമ്മുടെ ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധശേഷി നിലനിർത്താനും വർധിപ്പിക്കാനും ജീവിത ശൈലികളിലെ മാറ്റങ്ങൾ സഹായിക്കും.
കർക്കിടകത്തിലെ ഭക്ഷണങ്ങൾ
❥ ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമായ കർക്കിടകകഞ്ഞി: മലയാളികൾ പരമ്പരാഗതമായി കഴിക്കുന്ന ഈ കഞ്ഞി ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ്, ഇത് മഴക്കാലത്ത് രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും
❥ ആരോഗ്യ പരിപാലനത്തിന്റെ പ്രധാനിയായ പത്തിലക്കറി: പത്തുതരം ഇലക്കറികൾ ചേർത്ത് ഉണ്ടാക്കുന്ന ഒരു വിഭവമാണ്. ഈ വിഭവം രുചികരമായതിനോടൊപ്പം ഔഷധ ഗുണങ്ങളും നിറഞ്ഞതാണ്. തഴുതാമ, ചേമ്പില, മത്തയില, കുമ്പളയില, പയറില, ചീര, മുത്തിൾ, വേലിച്ചീര, മണിത്തക്കാളി ഇല, ചേനയില എന്നിവയാണ് പത്ത് ഇലകൾ
❥ മുക്കുടി സേവ: കുരുമുളക്, മോര് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഈ പാനീയം ദഹനത്തിന് നല്ലതാണ്. കുരുമുളക്, പുളിയാറില അരച്ച് ഒരു ഗ്ലാസ് ഗ്ലാസ് മോരില്‍ കലക്കി തിളപ്പിച്ച് മഞ്ഞൾപൊടിയും ഉപ്പും ചേർത്തിട്ട് വെറും വയറ്റിൽ രാവിലെ കഴിക്കുന്നതാണ് മുക്കുടി സേവ.
❥ മരുന്നുകഞ്ഞി, ഉലുവാ മരുന്ന്: ഔഷധ സസ്യങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന ഈ കഞ്ഞിയും മരുന്നും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
❥ മുക്കുറ്റി കുറുക്ക്: രുചികരവും ഔഷധഗുണമുള്ളതുമായ ഈ വിഭവം മഴക്കാലത്ത് പ്രത്യേകിച്ച് കർക്കിടക മാസത്തിൽ കഴിക്കാൻ ഏറ്റവും അനുയോജ്യമാണ്.
❥ ചെറുപയര്‍ സൂപ്പ്: പ്രോട്ടീൻ, ഫൈബർ, ജീവകങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ഈ സൂപ്പ് ശരീരത്തിന് ഊർജ്ജം നൽകും. 60 ഗ്രാം ചെറുപയർ ഒരു ലിറ്റർ വെള്ളത്തിൽ കഷായം വെച്ച് അരിച്ചെടുത്ത് മല്ലി, ചുക്ക് എന്നിവ ചേർത്ത് കറിവേപ്പിലയും ചുവന്നുള്ളിയും താളിച്ചു ഉപയോഗിക്കാവുന്നതാണ്.
വെള്ളം കൂടുതലും ആയിട്ടുള്ള കഞ്ഞി തന്നെയാണ് കര്‍ക്കിടകക്കാലത്ത് ഏറെ നല്ലത്
ഔഷധസസ്യങ്ങൾ ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കി കുടിക്കുന്നതും നല്ലതാണ്.
★ തവിടപ്പം: സന്ധിവേദനകളും ശരീരവേദനയും ഉള്ളവര്‍ തവിടപ്പം തയ്യാറാക്കി കഴിയ്ക്കുന്നതും ഏറെ ഗുണകരമാണ്. ഫൈബറും ധാതുക്കളും ധാരാളം അടങ്ങിയ ഈ വിഭവം ദഹനത്തിന് നല്ലതാണ്. തവിടു കുഴച്ച് വാഴയിലയിൽ പരത്തി അതിലെ ശർക്കര, തേങ്ങ ചിരവിയത്, ജീരകം പൊടിച്ചത് എന്നിവ ചേര്‍ത്ത് വേവിച്ച് കഴിക്കാം.
★ ഗോതമ്പ്, ചെറുപയർ, നെല്ലിക്ക, പാവയ്ക്ക, വാഴക്കൂമ്പ്, മുരിങ്ങ, കോഴി ഇറച്ചി , ചെറു മത്സ്യങ്ങൾ എന്നിവയെല്ലാം തന്നെ മഴക്കാലത്ത് ഭക്ഷണങ്ങളിൽ ചേർക്കാവുന്നതാണ്.
★ നവര അരി കഞ്ഞി: നവര അരി കൊണ്ടുള്ള കഞ്ഞിയും ഏറെ ഗുണകരമാണ്. ധാന്യങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും ഗുണങ്ങൾ അടങ്ങിയ ഈ കഞ്ഞി ശരീരത്തിന് പുനരുജ്ജീവനം നൽകും. നവര അരി 100 ഗ്രാം വെള്ളത്തിലിട്ട് 10 ഗ്രാം വീതം കരിപ്പെട്ടി, ജീരകം എന്നിവ പൊടിച്ച് ചേർത്ത് സ്വയം തയ്യാറാക്കാം. കഞ്ഞിയിൽ ചെറിയ ഉള്ളി നന്നായിട്ട് നെയ്യില്‍ വറുത്ത് ചേർത്ത് കഴിഞ്ഞാല്‍ സ്വാദിഷ്ടമായ, മരുന്നു ഗുണങ്ങളുള്ള കഞ്ഞിയായി.
★ ഇലക്കറികൾ: ജീവകങ്ങളുടെയും ധാതുക്കളുടെയും നല്ല ഉറവിടമായ ഇലക്കറികൾ ധാരാളം കഴിക്കുക.
★ തിളപ്പിച്ച വെള്ളം മാത്രം ധാരാളം കുടിക്കുക: തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് ധാരാളം തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.
★ നന്നായി വേവിച്ച ആഹാരങ്ങൾ: അസുഖങ്ങൾ ഉണ്ടാകാതിരിക്കാൻ നന്നായി വേവിച്ച ആഹാരങ്ങൾ മാത്രം കഴിക്കുക.
★ വീട്ടിൽ ഉണ്ടാക്കിയ ശുദ്ധമായതും ചൂടുള്ള ഭക്ഷണവും കഴിക്കാം. പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാം
ഈ ഭക്ഷണങ്ങളോടൊപ്പം, നല്ല ഉറക്കവും വ്യായാമവും ഉറപ്പാക്കുക. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഴക്കാലത്ത് രോഗങ്ങളെ അകറ്റി നിർത്താനും ആരോഗ്യത്തോടെ ജീവിക്കാനും സാധിക്കും.